Kerala Government News

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവരോട് മുഖം തിരിച്ച് കെ.എൻ ബാലഗോപാൽ; 9 മാസമായി ഇൻസെൻ്റിവില്ല; കുടിശിക നൽകാൻ വേണ്ടത് 61.2 കോടി

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവർക്കും കുടിശിക . 9 മാസത്തെ ഇൻസെൻ്റിവാണ് ഇവർക്ക് നൽകാനുള്ളത്. 2024 ജൂലൈ മാസം വിതരണം ചെയ്ത ക്ഷേമ പെൻഷൻ്റെ ഇൻസെൻ്റിവാണ് ഇവർക്ക് ഒടുവിൽ നൽകിയത്. 6.8 കോടിയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ഇൻസെൻ്റിവിനായുള്ള ചെലവ്. ഇത് 9 മാസം കുടിശിക ആയതോടെ കുടിശിക 61.2 കോടിയായി ഉയർന്നു.

തുച്ഛ വരുമാനക്കാരാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവർ.ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവരുടെ 9 മാസത്തെ ഇൻസെൻ്റീവ് പോലും തടഞ്ഞ് വച്ചിട്ടാണ് 500 കോടി മുടക്കി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത് എന്നതാണ് വിരോധാഭാസം.

ക്ഷേമ പെൻഷൻ ആകട്ടെ 3 മാസത്തെ കുടിശികയിലാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും സർക്കാർ നൽകാനുണ്ട്. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ 2700 കോടി വേണം.ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി രൂപികരിച്ച പെൻഷൻ കമ്പനിക്ക് 20000 കോടി രൂപ സർക്കാർ കൊടുക്കാനുണ്ട്. പെൻഷൻ കമ്പനി വിവിധ സ്ഥലങ്ങളിൽ സമാഹരിച്ച വായ്പയും അതിൻ്റെ പലിശയും ആണ് 20000 കോടി.

ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് 3 തരം കുടിശികയാണ് സർക്കാരിന് മുന്നിൽ ഉള്ളത്. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ കൊടുക്കാനുള്ള കോടികൾ ചുവടെ:
1 പെൻഷൻ കമ്പനി – 20000 കോടി
2.ക്ഷേമ പെൻഷൻ കുടിശിക – 2700 കോടി
3.ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവർക്കുള്ള 9 മാസത്തെ ഇൻസെൻ്റീവ് – 61.2 കോടി.

ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ ബാദ്ധ്യത 22761.2 കോടിയായി ഉയർന്നു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ബാദ്ധ്യത ഇനിയും ഉയരും.