CinemaNews

ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും

ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിൽ ഷൈൻ ടോം ചാക്കോ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. വേദാന്ത ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തത നൽകണമെന്നാവശ്യപ്പെട്ട് നടന് കഴിഞ്ഞദിവസം പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഷൈൻ ടോം ചാക്കോ സ്റ്റേഷനില്‍ എത്തുമെന്ന് പിതാവ് പി.സി. ചാക്കോ അറിയിച്ചിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്നാണ് അറിയിച്ചത്.

മറ്റൊരു സമയമാണ് പൊലീസ് പറഞ്ഞതെങ്കിലും ഓടി എത്താനുള്ള സൗകര്യം കണക്കാക്കി മൂന്നു മണിയെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പിതാവിൻ്റെ പ്രതികരണം. ഷൈൻ എവിടെ ഉണ്ടെന്ന് അറിയില്ല. 10 വര്‍ഷമായി കേസ് നടത്തുന്നുണ്ട്. അതിനാൽ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടതില്ല. നിലവിൽ കേസെടുക്കേണ്ട സാഹചര്യമായിട്ടില്ല. ഹാജരാകുന്നത് സംബന്ധിച്ച് ഷൈൻ നിയമോപദേശം തേടിയിട്ടില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. അതേസമയം സൂത്രവാക്യം സിനിമയുടെ നിർമാതാവും സംവിധായകനും മാധ്യമങ്ങളെ കാണും.

സിനിമാ സെറ്റിലെ ലഹരി ഉപയോ​ഗത്തെ പറ്റി നടി വിൻസി അലോഷ്യസ് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന. ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഇതിനിടയിലാണ് നടന്‍ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്.

‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറുകയും, ലഹരി ഉപയോ​ഗിക്കുകയും ചെയ്തത്. സംഭവത്തിൽ ഫിലിം ചേംബറിനും, സിനിമയുടെ ഐസിസിക്കുമാണ് നടി പരാതി നൽകിയത്. താരസംഘടനയായ AMMAയ്ക്കും പരാതി നൽകിയിട്ടുണ്ട്.