CricketIPLSports

കോലിയുടെ ബാറ്റ് ‘അടിച്ചുമാറ്റി’ ടിം ഡേവിഡ്; കിംഗ് കോലിയുടെ റിയാക്ഷൻ വൈറൽ

ജയ്പൂർ: ഐപിഎൽ 2025 സീസണിൽ മിന്നും ഫോമിലാണ് വിരാട് കോലി. ഞായറാഴ്ച നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) വിജയത്തിലും അദ്ദേഹം തൻ്റെ ക്ലാസ് പ്രകടനം ആവർത്തിച്ചു. ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ആർസിബി സ്വന്തമാക്കിയത്. മത്സരത്തിൽ കോലി പുറത്താകാതെ 62 റൺസ് നേടിയപ്പോൾ, ഫിൽ സോൾട്ട് 33 പന്തിൽ 65 റൺസെടുത്ത് വെറും 174 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കി നിൽക്കെ മറികടക്കാൻ സഹായിച്ചു.  

ഈ തകർപ്പൻ വിജയത്തിന് പിന്നാലെ, ആർസിബിയുടെ പുതിയ താരം ടിം ഡേവിഡ്, വിരാട് കോലിയുടെ ബാറ്റുമായി ബന്ധപ്പെട്ട ഒരു രസകരമായ തമാശ ഒപ്പിച്ചു. ആർസിബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അണിയറയിലെ ക്ലിപ്പിൽ, കോലിയുടെ ബാറ്റുകളിലൊന്ന് മോഷ്ടിച്ച്, എത്ര സമയമെടുക്കും അദ്ദേഹമത് ശ്രദ്ധിക്കാൻ എന്ന് നോക്കാനായി ഡേവിഡ് ഒരു പ്ലാൻ തയ്യാറാക്കുന്നത് കാണാം.

“വിരാടിന്റെ ബാറ്റുകളിലൊന്ന് നമ്മൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിയാൻ എത്ര സമയമെടുക്കുമെന്ന് എനിക്ക് കാണണം,” ഡേവിഡ് വീഡിയോയിൽ പറയുന്നത് കേൾക്കാം.

അധികം വൈകാതെ കോലി അന്വേഷണം ആരംഭിക്കുകയും ഒടുവിൽ ഡേവിഡിന്റെ കിറ്റ് ബാഗിൽ നിന്ന് ബാറ്റ് കണ്ടെത്തുകയും ചെയ്തു. “ഞാൻ ഇന്നലെ എന്റെ ബാറ്റുകൾ എണ്ണിയിരുന്നു; ഏഴെണ്ണം ഉണ്ടായിരുന്നു. ഇപ്പോളത് ആറെണ്ണമേയുള്ളൂ,” കോലി പറഞ്ഞു.

ഈ തമാശയ്ക്ക് പിന്നിൽ ടിം ഡേവിഡാണെന്ന് കോലി കണ്ടെത്തിയപ്പോൾ, ഓസീസ് താരം കുസൃതിയോടെ പറഞ്ഞു, “ഞാനത് എടുത്തില്ല, കടം വാങ്ങിയതാണ്.” ഒരു പുഞ്ചിരിയോടെ കോലി സഹതാരങ്ങളിലേക്ക് തിരിഞ്ഞ് തൻ്റെ തനത് ശൈലിയിൽ ചോദിച്ചു, “എല്ലാവർക്കും അറിയാമായിരുന്നല്ലേ?”

പിന്നീട് ഡേവിഡ് ബാറ്റ് സുരക്ഷിതമായിരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു, “വിരാട് വളരെ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിന്റെ ബാറ്റുകളിലൊന്ന് കാണാനില്ലെന്ന് തിരിച്ചറിയാൻ എത്ര സമയമെടുക്കുമെന്ന് നോക്കാമെന്ന് ഞങ്ങൾ കരുതി. അദ്ദേഹം ശ്രദ്ധിച്ചില്ല. അദ്ദേഹം സ്വയം വളരെ സന്തോഷവാനായിരുന്നു. അതിനാൽ, ഞാൻ അത് അദ്ദേഹത്തിന് തിരികെ നൽകി. ഞാൻ അത് മോഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കരുതി, പക്ഷെ അങ്ങനെയല്ലായിരുന്നു.”

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് കോലി. ആറ് മത്സരങ്ങളിൽ നിന്ന് 143.35 സ്ട്രൈക്ക് റേറ്റിലും 62 ശരാശരിയിലും 248 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. മുൻ ഇന്ത്യൻ നായകൻ ഇതിനകം മൂന്ന് അർദ്ധ സെഞ്ച്വറികളും സ്വന്തം പേരിൽ കുറിച്ചു. ആർസിബി ഇനി ഏപ്രിൽ 18, 20 തീയതികളിൽ പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) തുടർച്ചയായ മത്സരങ്ങൾ കളിക്കും.