NationalNews

ഗ്രാറ്റുവിറ്റി, പെൻഷൻ ഔദാര്യമല്ല, ജീവനക്കാരന്റെ സ്വത്താണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

പെൻഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെൻ്റ് തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ സർക്കാരിൻ്റെ ഔദാര്യമോ ദാനമോ അല്ല, മറിച്ച് ജീവനക്കാരൻ തൻ്റെ ദീർഘവും വിശ്വസ്തവുമായ സേവനത്തിലൂടെ നേടിയെടുത്ത സമ്പാദ്യ സ്വത്താണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വിധി. നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഇത് ഏകപക്ഷീയമായി എടുത്തുകളയാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കേവലം ഭരണപരമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനോ തിരിച്ചുപിടിക്കാനോ സാധ്യമല്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു.

മധ്യപ്രദേശിലെ ചിന്ദ്വാരയിൽനിന്നുള്ള വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ രാജ്കുമാർ ഗോണേക്കറിന്റെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിസ്താരത്തിനിടെ, ഗോണേക്കർ മരിച്ചു. ‘ഗ്രാറ്റുവിറ്റിയും പെൻഷനും സർക്കാരിന്റെ ഔദാര്യമല്ലെന്ന് ജസ്റ്റിസ് ബിഭു ദത്ത ഗുരു അടിവരയിട്ടു വ്യക്തമാക്കി. ഒരു ജീവനക്കാരൻ കളങ്കരഹിതമായ ദീർഘകാല സേവനത്തിലൂടെയാണ് ഈ ആനുകൂല്യങ്ങൾ ആർജിക്കുന്നത്. കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്ന ആനുകൂല്യമാണത്. അത് ‘സ്വത്തിന്റെ’ പരിധിയിൽ വരുമെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 300-എ പ്രകാരം സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.

1976 ലെ ഛത്തീസ്ഗഡ് സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലെ ചട്ടം 9 ലംഘിച്ച്, വകുപ്പുതലത്തിലോ ജുഡീഷ്യൽ തലത്തിലോ കുറ്റക്കാരനാണെന്ന് കണ്ടെത്താതെയാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരൻ ഗുരുതരമായ ദുഷ്പെരുമാറ്റമോ അശ്രദ്ധയോ കാണിച്ചെന്ന് നിയമപരമായ നടപടിക്രമങ്ങളിലൂടെ തെളിയിക്കപ്പെട്ടാൽ മാത്രമേ പെൻഷനിൽനിന്ന് പിഴ ഈടാക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. പെൻഷൻകാരിൽനിന്ന് അങ്ങനെ ഏതെങ്കിലും സാമ്പത്തിക പിഴ ചുമത്തുന്നതിനു മുമ്പ് അവരുടെ വാദം കേൾക്കാൻ ന്യായമായ അവസരം നൽകേണ്ടതുണ്ടെന്നും സുപ്രീം കോടതിയുടെ മുൻവിധികൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

സർക്കാരിന്റെ പിഴ ഈടാക്കൽ ഉത്തരവ് റദ്ദാക്കിയ കോടതി, 45 ദിവസത്തിനുള്ളിൽ ഗോണേക്കറുടെ കുടുംബത്തിന് തുക തിരികെ നൽകാനും ഉത്തരവിട്ടു.2018 ജനുവരിയിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് ഗോണേക്കർ വിരമിച്ചു. പിന്നാലെ, അഴിമതി ആരോപണത്തിൽ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചു. പെൻഷനിൽനിന്ന് 9.23 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ഉത്തരവിടുകയും ചെയ്തു.

സർവീസിലായിരുന്നപ്പോഴും 2018 ഡിസംബർ 13 ന് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിലും ഗോണേക്കർ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. എന്നിട്ടും, സംസ്ഥാന സർക്കാർ പണം തിരിച്ചുപിടിക്കലുമായി മുന്നോട്ടുപോകുകയായിരുന്നു.