
ഇൻഡ്യൻ പ്രീമിയർ ലീഗില്‍ ഗുജറാത്തിനെതിരെ 58 റൺസുകളുടെ തോൽവിക്കു പിന്നാലെ ബിസിസിഐയുടെ പിഴയും ഏറ്റുവാങ്ങി ക്യാപ്റ്റൻ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും. കുറഞ്ഞ ഓവർ നിരക്കിന്റെ കാരണത്താലാണ് സഞ്ജുവിനും ഇംപാക്ട് പ്ലേയർ ഉൾപ്പെടെയുള്ള മറ്റു താരങ്ങൾക്കും പിഴ ചുമത്തിയത്. ഐപിഎൽ പെരുമാറ്റച്ചട്ടം ആർട്ടിക്കിൾ 2.22 പ്രകാരമുള്ള കുറ്റമാണ് ഇത്.
ക്യാപ്റ്റൻ സഞ്ജു സാംസണ് 25 ലക്ഷം രൂപയും മറ്റ് താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴ ഈടാക്കുന്നത്. ഈ സീസണിൽ രണ്ടാം തവണയാണ് രാജസ്ഥാന് കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിലുള്ള കുറ്റം ചുമത്തപ്പെടുന്നത്. ചെന്നൈ സൂപ്പർ കിംഗ്സുമായി നടന്ന മൽസരത്തിലും ഇതേ കുറ്റം ചെയ്തിരുന്നു രാജസ്ഥാൻ. ആ മൽസരത്തിൽ ക്യാപ്റ്റനായിരുന്ന റയാൻ പരാഗിനാണ് പിഴ ഈടാക്കിയത് 12 ലക്ഷം രൂപയായിരുന്നു.
ആദ്യ ബാറ്റിംഗിൽ അറുവിക്കറ്റ് നഷ്ടത്തിൽ 217 റൺസുകളെടുത്ത ഗുജറാത്ത് ടൈറ്റൻസിനെതിരെ രണ്ടാം ബാറ്റിംഗിൽ തകർന്നടിഞ്ഞ രാജസ്ഥാൻ 58 റൺസുകൾക്ക് പരാജയപ്പെട്ടു. കുറഞ്ഞ ഓവർ നിരക്ക് കാരണം 20 ഓവർ ബോൾ ചെയ്തപ്പോൾ രാജസ്ഥാന് ഫീൽഡിംഗ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു, സാധാരണ ഗതിയിൽ ബൗണ്ടറിയിലെ ഫീൽഡർമാരിൽ ഒരാളെ 30 യാർഡ് സർക്കിളിനകത്തേക്ക് നിർത്തേണ്ടി വന്നു.
ഇതുവരെ കളിച്ച അഞ്ചു മൽസരങ്ങളിൽ രണ്ടു വിജയങ്ങൾ മാത്രം നേടിയ രാജസ്ഥാൻ റോയൽസ് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
ബാറ്റിംഗിലും ബോളിംഗിലും താരങ്ങൾ സ്ഥിരത കൈവരിക്കാത്തതാണ് രാജസ്ഥാന്റെ തോൽവിക്ക് പ്രധാന കാരണം.