Kerala Government News

ശമ്പള പരിഷ്കരണം ഇനി പത്ത് വർഷത്തിലൊരിക്കൽ?

ശമ്പള പരിഷ്കരണ കമ്മീഷൻ വൈകുന്നതിന് പിന്നിൽ ഐ എ എസ് ഇടപെടലും. പത്ത് വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടത്തിയാൽ മതി എന്ന കർശന നിലപാടിൽ ആണ് ചീഫ് സെക്രട്ടറിയും ധന അഡീഷണൽ ചീഫ് സെക്രട്ടറിയും.

കേന്ദ്ര സർവീസിൽ 10 വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം നടക്കുന്നത്. അതേ മാതൃക ഇവിടെയും സ്വീകരിക്കണമെന്നും ശമ്പള പരിഷ്കരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഇവർ ചൂണ്ടി കാണിക്കുന്നു.

കേന്ദ്രത്തിൽ കഴിഞ്ഞ മാസം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. 2026 ൽ കേന്ദ്ര സർവീസിൽ പുതിയ ശമ്പളവും ലഭിക്കും. നിലവിൽ ഉള്ളതിൻ്റെ രണ്ട് ഇരട്ടിയിലധികം ശമ്പളം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രം പ്രഖ്യാപിക്കുന്ന ക്ഷാമബത്ത അതേ പോലെ കേരളത്തിലെ ചീഫ് സെക്രട്ടറി അടക്കമുള്ള ഐ എ എസ് , ഐ.പി എസ്, ജുഡിഷ്യൽ ഓഫീസർ മാർക്ക് ലഭിക്കും. ക്ഷാമബത്തയുടെ കുടിശിക പണമായി ലഭിക്കുന്ന അപൂർവ്വ ഭാഗ്യവും കേരളത്തിൽ ഇവർക്കുണ്ട്.അതേ സമയം കേരളത്തിൽ 6 ഗഡു ക്ഷാമബത്ത കുടിശികയാണ്. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം തന്നെ.

കേന്ദ്രത്തിൽ ശമ്പളത്തിന് പുറമെ നിരവധി അലവൻസുകളും ഉണ്ട്. അതൊന്നും കേരളത്തിൽ ഇല്ല.അതിനിടയിലാണ് അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കവും നടക്കുന്നത്.കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക പോലും ജീവനക്കാർക്ക് ഇതുവരെ ലഭിച്ചില്ല. ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ പെൻഷൻകാർക്കും നൽകിയിട്ടില്ല.

1.7 . 24 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് ആണ് ഐ എ എസുകാർ വക പാര. ശമ്പള പരിഷ്കരണം സർക്കാർ നയം ആണെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും എന്നാണ് നിയമസഭയിൽ ബാലഗോപാൽ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് ഒമ്പതാം മാസം കഴിഞ്ഞിട്ടും കമ്മീഷനെ വയ്ക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിൻ്റെ കാലാവധി തീരാൻ ഒരു വർഷം മാത്രം ആണ് ഉള്ളത്. ഐ എ എസ് ലോബിക്ക് സർക്കാർ കീഴടങ്ങിയോ എന്ന ആശങ്കയാണ് ഉയരുന്നത്.