
മൂന്നാർ ഫ്ലൈ ഓവർ: 9 വർഷമായിട്ടും പദ്ധതി കടലാസിൽ ഉറക്കം | Munnar Flyover project
- കാലതാമസത്തിനെതിരെ പരാതിയുമായി എംഎൽഎയും
- ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചിട്ട് 9 വർഷം
ബജറ്റിൽ പ്രഖ്യാപനം നടത്തും വർഷങ്ങൾ കഴിഞ്ഞാലും ഒന്നും നടക്കുകയും ഇല്ല. ഇത്തരം ബജറ്റ് പ്രഖ്യാപനങ്ങൾക്ക് കേമനാണ് തോമസ് ഐസക്ക്. 2017- 18 ൽ ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ച മൂന്നാർ ഫ്ലൈ ഓവർ റോഡ് നിർമാണത്തിന്റെ അവസ്ഥ അതിദയനീയമാണ്.
കിഫ്ബിക്കായിരുന്നു ചുമതല. 2017 ൽ പ്രഖ്യാപിച്ച പദ്ധതിക്ക് നാളിതുവരെ കിഫ് ബി ധനാനുമതി പോലും നൽകിയില്ല. ഐസക്കിന്റെ 2017 ലെ പ്രഖ്യാപനത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ 10.7.17 ൽ മൂന്നാർ ഫ്ലൈ ഓവർ നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിനെ നിർവഹണ ഏജൻസിയാക്കി ഉത്തരവിറക്കി. വിശദമായ പദ്ധതി രേഖ റോഡ് ഫണ്ട് ബോർഡ് കിഫ്ബിയിൽ സമർപ്പിക്കുകയും ഇരുവരും പദ്ധതി പ്രദേശത്ത് സംയുക്ത സ്ഥല പരിശോധന നടത്തി റിപ്പോർട്ട് റോഡ് ഫണ്ട് ബോർഡിന് നൽകി.
നിർവഹണ ഏജൻസിയായ റോഡ് ഫണ്ട് ബോർഡ് പുതുക്കിയ പദ്ധതി രേഖ ഇതുവരെ നൽകിയതുമില്ല. സഹിക്കെട്ട് സ്ഥലം എംഎൽഎ എ. രാജ നിർമ്മാണത്തിന്റെ കാലതാമസത്തെ കുറിച്ച് നിയമസഭയിൽ ചോദ്യവും ഉന്നയിച്ചു. റോഡ് ഫണ്ട് ബോർഡ് പുതുക്കിയ പദ്ധതി രേഖ സമർപ്പിക്കുന്ന മുറക്ക് കിഫ്ബി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി കിഫ്ബി ജനറൽ ബോഡി / എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ധനാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കും എന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മാർച്ച് 4 ലെ നിയമസഭ മറുപടി.
രൂക്ഷമായ ഗതാഗത തടസം ഈ പ്രവൃത്തി വൈകുന്നത് മൂലം ഉണ്ടാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും എംഎൽഎ ചോദിക്കുന്നു. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് മൂന്നാർ ടൗണുമായി ബന്ധപ്പെട്ട് മൂന്നാർ ജംഗ്ഷൻ വികസനം, മൂന്നാർ ഫ്ളൈ ഓവർ, ബൈപ്പാസ് റോഡ് എന്നീ പ്രവൃത്തികളാണ് പരിഗണനയിൽ ഉള്ളതെന്നും ബാലഗോപാൽ വ്യക്തമാക്കി. 2017 ൽ പ്രഖ്യാപിച്ച പദ്ധതിക്ക് 2025 ആയിട്ടും ഒന്നും നടന്നില്ല എന്ന് മന്ത്രിയുടെ മറുപടിയിൽ വ്യക്തം. പ്രഖ്യാപിച്ച് 9 വർഷം കഴിഞ്ഞിട്ടും മൂന്നാർ ഫ്ളൈ ഓവർ കടലാസിൽ ഉറങ്ങുന്നു.