News

ഷെറിന് അടിയന്തര പരോളനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഭാസ്‌കര കാരണവർ കേസിലെ പ്രതി ഷെറിന് പരോളനുവദിച്ച് സർക്കാർ. ശിക്ഷ ഇളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം പരാതികളെ തുടർന്ന് നീളുന്നതോടെയാണ് പെട്ടെന്നൊരു പരോൾ. പരോൾ അനുവദിച്ചതിന് പിന്നിലും ഉന്നതതല സ്വാധീനം ഉണ്ടന്നാണ് അറിയുന്നത്.

ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താൽപര്യത്തിലാണ് ശിക്ഷ ഇളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആക്ഷേപം.

ഷെറിന് 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.

ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു സർക്കാർ വൃത്തങ്ങളുടെ ന്യായീകരണം. എന്നാൽ, ജയിൽ മോചനത്തിനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയാകുകയായിരുന്നു.

ഇതോടെ, ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്‌നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.

ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്. ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.