
KSRTC ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രിൽ മാസം ഒന്നാം തീയതി വിതരണം ചെയ്ത് തുടങ്ങി. 2020 ഡിസംബർ മാസത്തിന് ശേഷം ആദ്യമായാണ് കെ.എസ്.ആർ.ടി.സിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത് – ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.
എസ്.ബി.ഐയില്‍ നിന്ന് 50 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കുകയും 30 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വരുമാനത്തില്‍ നിന്നുമാണ് ശമ്പളത്തിന് പണം കണ്ടെത്തുന്നത്.
10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളിൽ അടച്ചുതീർക്കാനാണ് പദ്ധതി. മുമ്പും ഓവർഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആർടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.