
- രഞ്ജിത്ത് ടി.ബി
ഇന്ത്യൻ പ്രീമിയർ ലീഗ് ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ടു 7.30നു ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ മത്സരത്തിനു മഴ ഭീഷണി മുഴക്കുന്നുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലവിലെ ചാമ്പ്യന്മാരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സീനിയർ താരമായ അജിൻക്യ രഹാനെയാണ് നിലവിലെ ക്യാപ്റ്റൻ, കഴിഞ്ഞ തവണ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രെയസ്സ് അയ്യരെ മെഗാ ലേലത്തിൽ വിട്ടുകളഞ്ഞത് ആരാധകരെ ശരിക്കും ഞെട്ടിച്ചു.
മോയിൻ അലി, റോവ്മൻ പവൽ, ക്വിന്റൻ ഡികോക്ക് റിങ്കു സിങ്, ആന്ദ്രെ റസൽ, റഹ്മാനുല്ല ഗുർബാസ്, വെങ്കടേഷ് അയ്യർ തുടങ്ങിയവർ അടങ്ങുന്നതാണ് ബാറ്റിംഗ് നിര. കഴിഞ്ഞ വർഷം ടീമിനു മികച്ച തുടക്കം നൽകിയ സ്റ്റാർ ഓപ്പണർ ഫിൽ സോൾട്ട് പേസ് അറ്റാക്കിന്റെ കുന്തമുനയായിരുന്ന മിച്ചൽ സ്റ്റാർക് എന്നിവരെയും ഇത്തവണ ലേലത്തിൽ കൈവിട്ടു. ആൻറിച് നോർട്യ നയിക്കുന്ന പേസ് നിരയും, സുനിൽ നരെയ്ൻ– വരുൺ ചക്രവർത്തി സ്പിൻ ജോഡിയും ബോളിങ്ങിൽ കെ കെ ആർ ന്റെ പ്രതീക്ഷയാണ്.
കഴിഞ്ഞ തവണ ടീമിന്റെ തന്ത്രങ്ങൾ മെനഞ്ഞതു ചന്ദ്രകാന്ത് പണ്ഡിറ്റ്– ഗൗതം ഗംഭീർ കൂട്ടുകെട്ടായിരുന്നു ഇത്തവണ ഗംഭീർ ഇൻഡ്യൻ ടീമിന്റെ മുഖ്യ പരിശീലകനായതു കാരണം പണ്ഡിറ്റിന് കൂട്ടായി എത്തുന്നത് ഡ്വെയ്ൻ ബ്രാവോയാണ്.
ഇതുവരെ മൂന്നുതവണ കിരീടം ചൂടിയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.
2012, 2014, 2024 എന്നീ സീസണുകളിലായിരുന്നു ഈ നേട്ടങ്ങൾ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ 2012 ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിനു ഫൈനലിൽ പരാജയപ്പെടുത്തി കപ്പു നേടി , രണ്ടാമത്തെ നേട്ടം 2014 ൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ 3 വിക്കറ്റിനു തോല്പിച്ചതാണ് ഇതും ഗംഭീറിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. 2024 ൽ ക്യാപ്റ്റൻ ശ്രേയാസ്സ് അയ്യരുടെ നേതൃത്വം സൺ റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി മൂന്നാംതവണ കിരീടധാരണം നടത്തി.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
എല്ലാ സീസണിലും മികച്ച താരനിരയുമായി ഇറങ്ങുന്ന ബംഗ്ലൂർ ടീമിനു ഇതുവരെ കിരീടം നേടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. രജത് പടിതറിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ടീമിൽ മുന്നിൽ നിന്നും നയിക്കുന്ന കിംഗ് കൊഹ്‌ലി തന്നെയാണു ടീമിന്റെ നെടുംതൂണും ആരാധകരുടെ ശ്രദ്ധാകേന്ദ്രവും. ഫിൽ സാൾട്, ദേവദത്ത് പടിക്കൽ,ടിം ഡേവിഡ്, സ്വസ്ഥിക് ചികാരാ എന്നീ ബാറ്റർമാരും , ലിയാം ലിവിങ്സ്റ്റൺ, കൃണാൽ പാണ്ഡ്യാ തുടങ്ങിയ ഓൾ റൗണ്ടർമാർക്കൊപ്പം ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, റൊമാരിയോ ഷെഫേർഡ് എന്നീ ബൗളർമാരും അണിനിരക്കും.
ഇത്തവണ കിരീടനേട്ടത്തിലേക്ക് എത്തിചേരാൻ സർവ്വ ആയുധങ്ങളൂം പ്രയോഗിക്കാനുള്ള തന്ത്രങ്ങളുമായിട്ടാണ് റോയൽ ചലഞ്ചേഴ്സിന്റെ വരവ്.
തികച്ചും ആവേശഭരിതമായ പോരാട്ടത്തിനായി കാത്തുനിൽക്കുന്ന ആരാധകർക്ക് പക്ഷേ ഓറഞ്ച് അലേർട്ട് നിരാശ ഫലമാകുമോ എന്നു കാത്തിരിക്കാം