
ചർച്ചകൾ ആശമാർക്ക് അനുകൂലമായില്ല! നാളെ മുതൽ നിരാഹാര സമരം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുമായി നടത്തിയ മന്ത്രിതല ചർച്ചയും പരാജയം. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയാണ് സമവായമാകാതെ പിരിഞ്ഞത്.
ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു. ഇതോടെ 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
നാളെ മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച.
എന്നാല്‍, വിഷയം യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു വിഷയത്തില്‍ ആരോഗ്യ മന്ത്രി സ്വീകരിച്ച നിലപാട്. ഇക്കാര്യം ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലും മന്ത്രി ആവര്‍ത്തിച്ചു. സ്വീകരിക്കാവുന്ന നടപടികള്‍ എല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. 2006 ല്‍ നിശ്ചയിച്ച ഇന്‍സെന്റീവ് കൂട്ടാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഓണറേറിയം കൂട്ടരുത് എന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നാളെ മുതല്‍ സമരം ശക്തമാക്കുമെന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്. എം എം ബിന്ദു, തങ്കമണി എന്നിവര്‍ നാളെ മുന്‍ നിശ്ചയിച്ച പ്രകാരം നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ആവര്‍ത്തിച്ചെന്നും, നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു.
ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി. ചര്‍ച്ചയ്ക്ക് ശേഷം സമര പന്തല്‍ സന്ദര്‍ശിക്കാന്‍ എത്തിയ ആരോഗ്യ മന്ത്രിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി. മന്ത്രി രാജിവയ്ക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.