News

‘പണത്തോട് ഇത്ര ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ല; കൈക്കൂലി 10 ലക്ഷം’

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫിസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്‌സ് മാത്യു ഏജൻസി ഉടമയോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ. കൊച്ചിയിലെ ഓഫിസിലുള്ള അലക്‌സ് മാത്യു തിരുവനന്തപുരത്തെ പരാതിക്കാരന്റെ വീട്ടിലെത്തി പണം വാങ്ങിക്കോളാമെന്നും അറിയിച്ചു.

പണത്തോട് ഇത്ര ആക്രാന്തമുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നാണ് തിരുവനന്തപുരം കുറവൻകോണത്ത് താമസിക്കുന്ന പരാതിക്കാരൻ പറഞ്ഞത്. ശനിയാഴ്ച രാത്രി 7.30ഓടെ കുറവൻകോണത്തെ പരാതിക്കാരൻറെ വീട്ടിലെത്തി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അലക്‌സ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.

കൊല്ലം കടയ്ക്കലിൽ വൃന്ദാവൻ ഏജൻസീസ് എന്ന പേരിൽ ഇന്ത്യൻ ഓയിൽ ഗ്യാസ് ഏജൻസി പരാതിക്കാരൻറെ ഭാര്യയുടെ പേരിലുണ്ട്. ഈ ഭാഗത്ത് മറ്റ് മൂന്ന് ഏജൻസികൾ കൂടി ഐ.ഒ.സിക്കുണ്ട്. രണ്ട് മാസം മുമ്പ് അലക്‌സ് മാത്യു പരാതിക്കാരനെ ഫോണിൽ വിളിച്ച് കൊച്ചിയിലെ തൻറെ വീട്ടിൽ വന്ന് കാണാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൊച്ചിയിലെത്തിയ പരാതിക്കാരനോട് ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.

പരാതിക്കാരൻ തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ് മടങ്ങി. ഇതിന് പിന്നാലെ പരാതിക്കാരന്റെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജൻസിയിൽനിന്ന് 1200ഓളം കണക്ഷൻ അലക്‌സ് മാത്യു മാറ്റി അടുത്തുള്ള ഏജൻസിക്ക് നൽകി. തുടർന്ന് മാർച്ച് 15ന് രാവിലെ അലക്‌സ് മാത്യു പരാതിക്കാരന്റെ ഫോണിൽ വിളിച്ച് താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച് നൽകിയില്ലെങ്കിൽ കൂടുതൽ ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരൻ വിവരം പൂജപ്പുരയിലെ വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 7.30ന് പരാതിക്കാരന്റെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് അലക്‌സ് മാത്യുവിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ആണ് ഉദ്യോഗസ്ഥനെ പിടിച്ചത്.

ലോഡ് ലഭിക്കാനായി പണം നൽകണമെന്ന് അലക്സ് മാത്യു പലതവണകളിലായി ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരൻ ആരോപിക്കുന്നു. പല ഏജൻസികളിൽ നിന്നും ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാൽ ആരും പരാതി നൽകുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.