
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനും ആരാധാകർക്കും സന്തോഷ വാർത്ത. ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കുമാറി തിരിച്ചെത്തുന്നു. ബാറ്റിംഗിൽ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ സഞ്ജു കീപ്പിംഗിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ക്ലിയറൻസിനായി കാത്തിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയ്ക്കിടെയാണ് സഞ്ജുവിന് വലത് ചൂണ്ടുവിരലിന് പരിക്കേറ്റതും പിന്നീട് ശസ്ത്രക്രിയ നടത്തിയതും. അദ്ദേഹത്തിന്റെ ബാറ്റിംഗ് കഴിവിൽ ഫിസിയോകൾ സംതൃപ്തരാണെങ്കിലും, വിക്കറ്റ് കീപ്പിംഗ് കംഫർട്ട് ലെവലുകൾ വിലയിരുത്താനുണ്ട്. സാംസണെ ഐപിഎൽ സമയത്ത് വിക്കറ്റ് കീപ്പിംഗിൽ നിന്ന് ഒഴിവാക്കിയാൽ, ധ്രുവ് ജുറലിന് ആ റോൾ ഏറ്റെടുക്കാം.
ഇന്ത്യയുടെ ട്വന്റി 20 ടീമിൽ ഓപ്പണറായി സ്ഥിരപ്പെട്ടശേഷം സഞ്ജുവിന്റെ ആദ്യ ഐ.പി.എല്ലാണിത്. മാർച്ച് 23 നാണ് രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ മൽസരം. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. മാർച്ച് 26 ന് കൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടാണ് രാജസ്ഥാൻ റോയൽസിൻ്റെ രണ്ടാമത്തെ മത്സരം.
ഐ പി എല്ലിൽ 4419 റൺസാണ് സഞ്ജുവിൻ്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 139. കൂടാതെ 82 ക്യാച്ച്, 16 സ്റ്റമ്പിംഗ്, 13 റൺ ഔട്ട് എന്നിങ്ങനെയാണ് ഐ പി എല്ലിലെ സഞ്ജുവിന്റെ പ്രകടനങ്ങൾ. ഐ പി എല്ലിൽ 3 സെഞ്ച്വറിയും സഞ്ജുവിൻ്റെ പേരിൽ ഉണ്ട്. 2021 ൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് സഞ്ജു മൂന്നാം സെഞ്ച്വറി നേടിയത്. അന്ന് നേടിയ 119 റൺസാണ് സഞ്ജുവിൻ്റെ ഐപിഎല്ലിലെ ഉയർന്ന സ്കോറും.
ഐ പി എല്ലിലെ തൻ്റെ ഏറ്റവും ഉയർന്ന സ്കോറായ 119നെ സഞ്ജു മറികടക്കും എന്ന പ്രതീക്ഷയും ആരാധകർ വച്ചു പുലർത്തുന്നു. പരിക്കിൽ നിന്ന് മോചിതനായി എത്തുന്ന സഞ്ജുവിൽ നിന്ന് രാജസ്ഥാന് ഏറെ പ്രതീക്ഷ വച്ച് പുലർത്തുന്നു. അവരുടെ ഒന്നാം നമ്പർ താരമാണ് സഞ്ജു. സഞ്ജുവിൻ്റെ പ്രകടനമാകും രാജസ്ഥാൻ റോയൽസിനെ മുന്നോട്ട് കൊണ്ട് പോകുക.