News

സംസാരിച്ചത് മകളുടെ കാര്യം? മുഖ്യമന്ത്രി – ധനമന്ത്രി കൂടിക്കാഴ്ച്ചയിൽ ബാലഗോപാലിനെ ഒഴിവാക്കിയതിൽ ദുരൂഹത

ന്യൂഡൽഹി: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ ഒഴിവാക്കി മുഖ്യമന്ത്രിയും കേന്ദ്ര ധനകാര്യ മന്ത്രിയും കേരള ഹൗസിൽ നടത്തിയ കൂടികാഴ്ചയിൽ ദുരൂഹത. അനൗദ്യോഗിക സന്ദർശനമെന്നാണ് വിശദീകരണം. മകൾ വീണ വിജയൻ പ്രതിയായ എസ്എഫ്‌ഐഒ അന്വേഷണം നടക്കുമ്പോൾ കേന്ദ്ര ധനമന്ത്രിയെ മുഖ്യമന്ത്രി കണ്ടതാണ് സംശയങ്ങൾ ഉയർത്തുന്നത്.

ഒരു സുപ്രഭാതത്തിൽ നിർമല സീതാരാമൻ മുഖ്യമന്ത്രിയെ കാണാൻ നിശ്ചയിച്ചതല്ല. കെ.വി തോമസിന്റെ ഭഗീരഥ പ്രയത്‌നമാണ് ഇരുവരും തമ്മിലുള്ള കൂടി കാഴ്ചക്ക് അരങ്ങൊരുങ്ങിക്കിയത്. ഗവർണർ ഇന്നലെ കേരളത്തിലെ എം.പിമാർക്കായി കേരള ഹൗസിൽ വിരുന്നൊരുക്കിയിരുന്നു.

Nirmala Sitharaman, CM Pinarayi vijayan, Governor Rajendra Arlekar and KV thomas

ഗവർണർ ഡൽഹിയിൽ വിരുന്നൊരുക്കുന്നത് ആദ്യമായിട്ടാണ്. ഇന്ന് നിർമല സീതാരാമനും ആയിട്ടുള്ള കൂടികാഴ്ചയിലും ഗവർണർ പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടിനേക്കുറിച്ചും കേന്ദ്ര ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ ആയിരുന്നുവെങ്കിൽ ധനകാര്യ മന്ത്രിയായ കെ.എൻ ബാലഗോപാൽ ഒപ്പം ഉണ്ടാകുമായിരുന്നു. ബാലഗോപാലിനെ കൂട്ടാതെ വിശ്വസ്തനായ കെ.വി തോമസ് ആണ് ആദ്യവസാനം മുഖ്യമന്ത്രിയോടെപ്പം ഉണ്ടായിരുന്നത്.

വയനാട് പുനരധിവാസത്തെക്കുറിച്ചും കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ അനുവദിക്കുന്നതിനെക്കുറിച്ചുമാണ് ചർച്ച നടന്നതെന്ന സൂചന വാർത്തകളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എന്താണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രിയോ ധനമന്ത്രിയോ വിശദീകരിച്ചിട്ടുമില്ല. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്.