News

റവന്യു വകുപ്പിന്റെ ഉഴപ്പ്! കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം സംരക്ഷിത സ്മാരകം ആക്കാനുള്ള നീക്കം വൈകുന്നു

കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം സംരക്ഷിത സ്മാരകം ആക്കാനുള്ള നീക്കങ്ങൾ വൈകുന്നു. റവന്യു വകുപ്പ് നൽകിയ വിവരങ്ങളിൽ വസ്തുവിന്റെ അതിരുകൾ വ്യക്തമല്ലാത്തതാണ് പ്രധാന കാരണം.

പീരുമേട് താലൂക്കിൽ റീ സർവേ നടപടികളും പൂർത്തിയായിട്ടില്ല. അമ്മച്ചി കൊട്ടാരം സംരക്ഷിത സ്മാരകമാക്കുന്നതിന് വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ് പുരാവസ്തു വകുപ്പ്.

ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കൊട്ടാരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായിരുന്നു. കൊട്ടാരമെന്ന പേരുണ്ടെങ്കിലും ഇന്ന് തീര്‍ത്തും ജീർണ്ണാവസ്ഥയിലാണ്.

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തുനിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊട്ടാരത്തിലേക്കുള്ള പാതയിലെത്താം. ഈ കാട്ടുപാതയിലൂടെ കുറച്ചു ദൂരം യാത്ര ചെയ്താൽ കൊട്ടാരത്തിൽ എത്താം.

തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. രാജാവിന്റെ പത്‌നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരം അമ്മച്ചി കൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടത്.

ഫഹദ് ഫാസില്‍ നായകനായി വേണു സംവിധാനം ചെയ്ത് കാര്‍ബണ്‍, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കൊട്ടാരം കാണാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിരുന്നു.