News

കേരളത്തിൽ 389 നാട്ടാനകൾ; 18 പേർക്ക് 4 വർഷത്തില്‍ ജീവഹാനി

സംസ്ഥാനത്ത് 2025 ഫെബ്രുവരി 15 നു പൂർത്തിയാക്കിയ നാട്ടാനകളുടെ സർവ്വെ പ്രകാരം കേരളത്തിൽ 389 നാട്ടാനകളാണുള്ളതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാട്ടാനകളുടെ ആക്രമണത്തിൽ 18 ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. യു.എ. ലത്തീഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്കുകൾ വെളിപ്പെടുത്തിയത്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ നാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ചുപേരാണ് കഴിഞ്ഞ നാലു വർഷത്തിനിടെ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ മൂന്നുപേർ വീതം നാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ രണ്ടുപേർ വീതവും. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾക്കും നാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായി.

തിരുവനന്തപുരം: 34, കൊല്ലം: 57, പത്തനംതിട്ട: 24, ആലപ്പുഴ: 17, കോട്ടയം: 60, ഇടുക്കി: 8, എറണാകുളം: 24, തൃശൂർ: 101, പാലക്കാട്: 25, മലപ്പുറം: 13, കോഴിക്കോട്: 10, വയനാട്: 9, കണ്ണൂർ: 7, കാസർഗോഡ്: 0 അങ്ങനെ ആകെ 389 നാട്ടനകൾ ഉണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.

നാട്ടാനകളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകേണ്ടുന്ന ഉത്തരവാദിത്തം ആന ഉടമകളിൽ നിക്ഷിപ്തമായതിനാൽ വനം വകുപ്പ് സാമ്പത്തിക സഹായമൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നാട്ടാനകളുടെ ക്ഷേമവും, പരിപാലനവും ഉറപ്പു വരുത്തുന്നതിനായി 2012 ലെ കേരള നാട്ടാന (പരിപാലനവും, കാര്യകർതൃത്വവും) ചട്ടങ്ങൾ നിലവിലുണ്ട്. ആയതിൻ പ്രകാരമാണ് കേരളത്തിൽ നാട്ടാന പരിപാലനം നടന്നു വരുന്നത്. കൂടാതെ വനം വകുപ്പിന്റെ അധീനതയിലുള്ള നാട്ടാനകളുടെ ക്ഷേമവും പരിപാലനവും ഉറപ്പുവരുത്തുന്നതിനായി കോട്ടൂർ, കോന്നി, വയനാട്, ധോണി, കാപ്രിക്കാട് എന്നിവിടങ്ങളിൽ ആന പരിപാലന കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞു.