Kerala Government News

പെൻഷൻകാർക്ക് നഷ്ടം 25,000 മുതല്‍ ഒരു ലക്ഷം വരെ; ക്ഷാമ ആശ്വാസ പരിഷ്കരണ കുടിശിക 2 ഗഡു!

ക്ഷാമ ആശ്വാസ പരിഷ്‌കരണത്തിന്റെ രണ്ട് ഗഡു ലഭിക്കാത്തത് മൂലം പെൻഷൻകാർക്ക് നഷ്ടം 25,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ. അടിസ്ഥാന പെൻഷന്റെ തോത് അനുസരിച്ച് നഷ്ടത്തിന്റെ അളവ് വ്യത്യാസം വരും.

11 -ാം പെൻഷൻ പരിഷ്‌കരണത്തിന്റെ കുടിശികകൾ നാല് ഗഡുക്കളായി നൽകുമെന്നായിരുന്നു 2021 ൽ തോമസ് ഐസക്ക് ഉത്തരവിറക്കിയത്. ആദ്യ രണ്ട് ഗഡുക്കൾ ഉത്തരവിൽ പറഞ്ഞിരുന്നതിൽ പോലെ നൽകിയെങ്കിലും മൂന്നും നാലും ഗഡുക്കൾ വൈകി. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം എതിരായതിന് ശേഷമാണ് മൂന്നാം ഗഡു നൽകിയത്.

മൂന്നാം ഗഡു നൽകിയതിനോടൊപ്പം അതിന്റെ ഭാഗമായി ലഭിക്കേണ്ട ക്ഷാമപരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു നൽകിയില്ല. ബജറ്റിൽ നാലാം ഗഡു കൊടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് ഫെബ്രുവരിയിൽ നാലാംഗഡു അനുവദിച്ചു. പക്ഷേ, നാലാം ഗഡുവിന്റെ ഭാഗമായി ലഭിക്കേണ്ട ക്ഷാമ ആശ്വാസ പരിഷ്‌കരണ കുടിശികയുടെ നാലാം ഗഡുവും ലഭിച്ചില്ല.

ഫലത്തിൽ രണ്ട ഗഡു ക്ഷാമ ആശ്വാസ പരിഷ്‌കരണം കുടിശികയാണ്. ഈ സാമ്പത്തിക വർഷം ഇതുകൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനവും ഉണ്ടായില്ല. അടുത്ത സർക്കാരിന്റെ ചുമലിലേക്ക് ഈ ഉത്തരവാദിത്തം കൂടി എത്തിച്ച് കൈകഴുകാനുള്ള തന്ത്രമാണ് ബാലഗോപാൽ പയറ്റുന്നത് എന്നാണ് വിമർശനം.

1.7.2024 പ്രാബല്യത്തിൽ ലഭിക്കേണ്ട 12ാം പെൻഷൻ പരിഷ്‌കരണത്തിന് ഇതുവരെ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല. ഒന്നരലക്ഷം പെൻഷൻകാരാണ് ഈ കാലയളവിൽ മരണപ്പെട്ടത്. അർഹതപ്പെട്ട കുടിശിക കിട്ടാതെയാണ് ഇവരുടെ മരണം.

19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ കുടിശികയാണ്. ഓരോ സർവീസ് പെൻഷൻകാരനും ഓരോ മാസവും അടിസ്ഥാന പെൻഷൻ്റെ 19 ശതമാനം വീതം ഇതുമൂലം നഷ്ടപ്പെടുകയാണ്. പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.

സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.