
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യൂസീലാന്‌റ് ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിൽ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ന്യൂസിലാന്റ് ടീമിൽ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാൻ സ്മിത്തിനെ ഉൾപ്പെടുത്തി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസറാണ് മാറ്റ് ഹെന്റി.
ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായി 12-ാം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തിൽ വിൻഡീസ് ഇതിഹാസം ബ്രെയൻ ലാറയുടെ റെക്കോർഡിനൊപ്പമെത്തി. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ 2000-ൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ന്യൂസീലാന്റിനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ ഇതുവരെ തോൽക്കാതെയാണ് ഫൈനലിനിറങ്ങുന്നത്. അതേസമയം ന്യൂസിലാന്റ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലാന്‌റ് എത്തിയതെങ്കിൽ, ഓസീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയുടെ നാലാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. മുൻപ് രണ്ടുതവണ കിരീടം നേടിയിരുന്നു.
ടീം സ്‌ക്വാഡ്-ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി
ന്യൂസിലാന്റ് സ്‌ക്വാഡ്: വിൽ യങ്, രചിൻ രവീന്ദ്ര, കെയിൻ വില്യംസൺ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഡറിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), കെയിൽ ജെമീസൺ, വില്യം ഒറൂർക്ക്, നാഥൻ സ്മിത്ത്