
- 46 റൺസ് കൂടി നേടിയാൽ ആ റെക്കോർഡും കോലിക്ക് സ്വന്തം
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലണ്ട് മൽസരം 2.30 ന് ആരംഭിക്കും. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മത്സരം. 2002 ലും 2013 ലും ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയിരുന്നു. മഴ തടസ്സപ്പെടുത്തിയ 2002 ലെ ഫൈനലിൽ ഇന്ത്യയോടൊപ്പം ശ്രീലങ്കയേയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. 2013 ൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടം കരസ്ഥമാക്കിയത്.
ഇന്ത്യയെ കൂടാതെ രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി കീരിടം നേടിയത് ഓസ്ട്രേലിയ മാത്രമാണ്. 2006 ലും 2009 ലും ആണ് ഓസ്ട്രേലിയ കിരിടം നേടിയത്. ഇന്ത്യ ഇന്ന് ജയിച്ചാൽ ഏറ്റവും കൂടുതൽ പ്രാവശ്യം ചാമ്പ്യൻസ് ട്രോഫി കീരിടം നേടുന്ന ടീം എന്ന റെക്കോർഡ് ഇന്ത്യക്ക് മാത്രം സ്വന്തമാകും.
2000 ത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലണ്ട് കിരിടം നേടിയിരുന്നു. ന്യൂസിലണ്ടിൻ്റെ ഏക ചാമ്പ്യൻസ് ട്രോഫി കീരിടവും അതു തന്നെ.
തുടർച്ചയായി 3 ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിക്കുന്ന റെക്കോർഡും ഇന്ത്യക്കാണ്. 2013ൽ ജേതാക്കളായ ഇന്ത്യ പിന്നീട് നടന്ന 2017 ലെ ചാമ്പ്യൻസ് ട്രോഫിയിൽ റണ്ണറപ്പായി. പാക്കിസ്ഥാനോട് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടും. 2025 ലെ ഫൈനലിലും കടന്നതോടെയാണ് തുടർച്ചയായ 3 ഫൈനലിലും കളിച്ച ടീം എന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായത്.
ഇന്നത്തെ മൽസരത്തിലും ഇന്ത്യക്കാണ് മുൻതൂക്കം. വീരാട് കോലിക്ക് പരിശീലനത്തിടയിൽ പരിക്കേറ്റ വാർത്ത ഇന്ത്യൻ ക്യാമ്പിൽ മ്ലാനത പരത്തിയിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കോലി കളിക്കുമെന്ന് ഉറപ്പിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.
മിന്നുന്ന ഫോമിലാണ് കോലി. പാക്കിസ്ഥാനെതിരെ സെഞ്ച്വറിയും ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ഫിഫ്റ്റിയും നേടിയ കോലി ചാമ്പ്യൻസ് ട്രോഫിയിലെ റൺമെഷിൻ മാരിൽ മുന്നിലാണ്. 46 റൺസ് കൂടി നേടിയാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡും വീരാട് കോലിക്ക് സ്വന്തമാകും. ക്രിസ് ഗെയിൽ ആണ് കോലിക്ക് മുൻപിൽ ഉള്ളത്. 17 ഇന്നിംഗ്സുകളിൽ നിന്ന് 791 റൺസാണ് ക്രിസ് ഗെയ്ൽ അടിച്ച് കൂട്ടിയത്. 16 ഇന്നിംഗ്സുകളിൽ നിന്ന് 746 റൺസ് ആണ് കോലിയുടെ സമ്പാദ്യം. 21 ഇന്നിംഗ്സുകളിൽ 742 റൺസ് നേടിയ മഹേല ജയവർധനയാണ് മൂന്നാമത്.
ഇന്ത്യയുടെ കീരിടത്തിനും കോലിയുടെ റെക്കോഡിനും കാത്തിരിക്കുകയാണ് ആരാധകർ. നിർണായക മൽസരങ്ങളിൽ എന്നും തിളങ്ങുന്ന കോലിയിൽ നിന്ന് മറ്റൊരു തകർപ്പൻ ഇന്നിംഗ്സ് ഇന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.