Kerala Government News

കടം തരണേ കടം ! ട്രഷറി പൂട്ടി; മുഖ്യമന്ത്രിയും ബാലഗോപാലും ഡൽഹിക്ക്; മാർച്ച് കടക്കാൻ നിർമല സീതാരാമൻ കനിയണം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി സ്തംഭനത്തിലേക്ക്. നാമമാത്ര ഇടപാടുകൾ മാത്രമാണ് ട്രഷറിയിൽ നടക്കുന്നത്. ഓവർ ഡ്രാഫ്റ്റിൽ ആയതോടെ സെർവർ തകരാർ എന്ന ഓമനപേരിൽ ശമ്പള വിതരണം മാർച്ച് 3 മുതൽ വൈകിയിരുന്നു.

കേന്ദ്രം വീണ്ടും കനിഞ്ഞില്ലെങ്കിൽ മാർച്ച് മാസം വറുതിയിലാകും. ചുമ്മാ ട്രഷറി തുറന്നിരിക്കാം എന്ന അവസ്ഥ. ഇതോടെ കടം എടുക്കാൻ വീണ്ടും അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബാലഗോപാൽ മുഖ്യമന്ത്രിയേയും കൊണ്ട് ഡൽഹിക്ക് പറക്കുകയാണ്.

ട്രഷറി നീക്കിയിരുപ്പിന് ആനുപാതികമായി കടം എടുക്കാൻ അനുമതി വേണമെന്നാണ് മുഖ്യ ആവശ്യം. അനുമതി കിട്ടിയാൽ 10000 കോടി കടം എടുക്കാം.

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ വിഹിതമായി സംസ്ഥാന സർക്കാർ അടയ്ക്കുന്ന തുകയില്‍നിന്ന് കടമെടുക്കാൻ അനുമതി നല്‍കണമെന്നാണു മറ്റൊരു ആവശ്യം. പങ്കാളിത്തപെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്തവർ ഇപ്പോൾ അതിൻ്റെ പേരിൽ കടം എടുക്കാൻ നടക്കുന്നു എന്നതാണ് വിരോധാഭാസം. 6000 കോടിയോളം രൂപ സമാന രീതിയിൽ കേരളം കടം എടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അനുമതി ലഭിക്കും.

വൈദ്യുതി മേഖലയ്ക്കു ലഭിക്കേണ്ട തുകയായ 5500 കോടി രൂപയുടെ വായ്പയെടുക്കാൻ അനുവദിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.വൈദ്യുതി പ്രസരണ-വിതരണ നഷ്ടത്തിനായി 0.5 ശതമാനം തുക വായ്പയായി എടുക്കാനാകും. കേരളത്തിന് ഇത് 5500- 6,000 കോടി രൂപ വരും.

വയനാട് പുനർനിർമാണത്തിനായി അനുവദിച്ച 529.5 കോടി രൂപയുടെ കാപ്പക്സ് വായ്പ ചെലവഴിക്കുന്നതിനുള്ള കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി നല്‍കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഇത് കേന്ദ്രം അംഗീകരിക്കും എന്നാണ് ലഭിക്കുന്ന സൂചന. ധൂർത്തും അഴിമതിയും ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ കഴിവ് കേടും ആണ് ഇങ്ങനൊരു സാമ്പത്തിക ദുരന്തത്തിലേക്ക് കേരളത്തെ നയിച്ചത്. കടം എടുക്കുക മാത്രമാണ് ധനമന്ത്രി കസേര എന്ന വിചാരത്തിൽ ആണ് ബാലഗോപാൽ ഭരിക്കുന്നത്. പ്രതിസന്ധിയാണെങ്കിലും ഇഷ്ടക്കാർക്ക് വാരി കോരി കൊടുക്കുകയും ചെയ്യും.

ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി കെ.വി. തോമസിനോടൊപ്പം ആകും കേന്ദ്ര മന്ത്രിമാരെ കാണുക. കഴിഞ്ഞ ദിവസം കെ.വി. തോമസ് നിർമല സീതാരാമനെ കണ്ടിരുന്നു. ആശ വർക്കർമാരുടെ പ്രശ്നം എന്താണെന്നോ അവർക്ക് കേന്ദ്രം കൊടുക്കാനുള്ളത് എത്രയെന്നോ ഒരു നിശ്ചയവും കെ.വി തോമസിന് ഉണ്ടായിരുന്നില്ല. ഒടുവിൽ കണക്ക് കൊണ്ട് വരാൻ കെ. വി. തോമസിനോട് നിർമല പറഞ്ഞു. ഇത്തവണ കണക്കുമായിട്ടാണ് മുഖ്യമന്ത്രിയും സംഘവും ഡൽഹിയിൽ എത്തുക.