
ക്ഷാമബത്ത എപ്പോൾ കൊടുക്കണം? ധന സെക്രട്ടറി കൺഫ്യൂഷനിൽ ! കെ.എൻ. ബാലഗോപാൽ സംസ്ഥാന സമ്മേളന തിരക്കിൽ; ജയതിലകിൻ്റെ കൺഫ്യൂഷൻ നീളും
ക്ഷാമബത്തയിൽ കൺഫ്യൂഷൻ. പ്രഖ്യാപിച്ച ക്ഷാമബത്ത ഏപ്രിലിൽ വാങ്ങിക്കുന്ന ശമ്പളത്തിൽ നൽകണമോ അതോ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നൽകണമോ എന്നതിൽ കൺഫ്യുഷനിൽ ആണ് ധന അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്.
ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കുന്നത് മെയ് മാസമാണ്. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്തയാണ് ധനകാര്യ സെക്രട്ടറിയെ കൺഫ്യുഷനിൽ ആക്കിയത്.
കെ. എൻ. ബാലഗോപാൽ 2025-26 ലെ ബജറ്റിൽ ഖണ്ഡിക 811 ൽ ക്ഷാമബത്തയെ കുറിച്ച് പ്രഖ്യാപിച്ചത് ഇങ്ങനെ ” സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത / ക്ഷാമ ആശ്വാസം 2025 ഏപ്രിൽ മാസം നൽകും” .
2024-25 ലെ ബജറ്റിലും ക്ഷാമബത്ത പ്രഖ്യാപിച്ചിരുന്നു. അന്ന് ബാലഗോപാൽ കുറെ കൂടി വ്യക്തമായാണ് പ്രഖ്യാപനം നടത്തിയത്. അന്നത്തെ പ്രഖ്യാപനം ബജറ്റ് ഖണ്ഡിക 561 ൽ ആയിരുന്നു. ആ പ്രഖ്യാപനം ഇങ്ങനെ ” ജീവനക്കാർക്ക് / പെൻഷൻകാർക്ക് ഒരു ഗഡു ഡി എ / ഡി.ആർ ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും” .
ഇപ്പോഴത്തെ പ്രഖ്യാപനം ഏപ്രിൽ മാസം നൽകും എന്നാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ധനമന്ത്രി കെ. എൻ. ബാലഗോപാൽ ആണ്. സംസ്ഥാന സമ്മേളനത്തിൻ്റെ തിരക്കിൽ ആയതിനാൽ ഒരാഴ്ചയായി ബാലഗോപാൽ സെക്രട്ടറിയേറ്റിൽ എത്തിയിട്ടില്ല.
കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത് എന്നത് കൊണ്ട് തന്നെ എല്ലാം ചുമതലയും ബാലഗോപാലിനാണ്. അതുകൊണ്ട് തന്നെ ജയതിലകിൻ്റെ കൺഫ്യൂഷൻ നീളും.
ബാലഗോപാൽ സെക്രട്ടറിയേറ്റിൽ എത്തിയാൽ ഉടൻ തന്നെ ക്ഷാമബത്ത ഉത്തരവ് ഇറങ്ങും. അതുവരെ ജയതിലകിനോടൊപ്പം കൺഫ്യൂഷനിൽ ആണ് ജീവനക്കാരും പെൻഷൻകാരും.
3 ശതമാനം ക്ഷാമബത്ത / ക്ഷാമ ആശ്വാസം ആണ് ലഭിക്കുക.2025 ജനുവരി പ്രാബല്യത്തിലെ കേന്ദ്ര ഡി.എ ഈ മാസം പ്രഖ്യാപിക്കും. അതുകൊണ്ട് കേരളം പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്ത ലഭിച്ചാലും ക്ഷാമബത്ത കുടിശിക 6 ഗഡുക്കൾ ആയി തുടരും.