
പൂച്ചക്കുട്ടിയുടെ ഓഫീസിൽ ഹണിട്രാപ്പ് വിവാദം! സർക്കാരിന് പുതിയ തലവേദന
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് തലവേദനയായി വീണ്ടും ഒരു ഹണിട്രാപ്പ് വിവാദം. ജീവനക്കാരിയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തിൽപെട്ടിരിക്കുകയാണ് ഒരു മന്ത്രി ഓഫീസ്. ഇതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തതായും അറിയുന്നു.
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത യുവതി തന്നെ ഇത് ഉന്നത ഉദ്യോഗസ്ഥരിലെത്തിച്ച് മന്ത്രിയുടെ വിശ്വസ്തർക്കെതിരെ നടപടിയെടുപ്പിക്കുന്നുവെന്നാണ് അറിയുന്നത്.
മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടരുന്ന ഒരു പാർട്ടിയിലെ മന്ത്രിയുടെ ഓഫീസിന് നേരെയാണ് ആക്ഷേപങ്ങൾ ഉയരുന്നത്. മന്ത്രിയോഫീസിലും സെക്രട്ടേറിയറ്റിലും ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഓഫീസിലെ ജീവനക്കാർക്ക് കൂട്ടപ്പിരിച്ചുവിടൽ ഭീഷണി ഉയർത്തിയിരിക്കുകയാണ് മന്ത്രി. ഒരാൾ രാജി സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്നും ജാഗ്രതവേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ് എന്നിവർക്കെതിരേയാണ് പരാമർശം. ഇതേത്തുടർന്ന് മന്ത്രി ഓഫീസിൽ ഇനിയും തുടരാനാവില്ലെന്നു കാണിച്ച് സംഭവങ്ങളുമായി ബന്ധമില്ലാത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജി നൽകിയെങ്കിലും അംഗീകരിച്ചിട്ടില്ല.
മാതൃഭൂമി ദിനപത്രവും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ വാർത്ത ഇങ്ങനെ.. കോഴിക്കോട് സ്വദേശിയായ പേഴ്സണൽ അസിസ്റ്റന്റെ മന്ത്രിയുടെ അതിവിശ്വസ്തനാണ്. ഈ വിവാദം പിണറായി സർക്കാരിന് തന്നെ തലവേദനയായി മാറും. ഏറെ നാളായി പ്രസ്തുത വകുപ്പിൽ പലതും നടക്കുന്നു. ഒന്നിനും ഏകോപനവുമില്ല. ഇതിനിടെയാണ് പുതിയ ഹണിട്രാപ്പ് വിവാദം.
ഫോൺ റിക്കോർഡിംഗും മറ്റും നടന്നത് ആഗസ്റ്റിലാണ്. ജോലിസ്ഥലത്ത് പല പരാതികൾ ഉയർന്നതുകാരണം യുവതിയെ സ്ഥലംമാറ്റിയിരുന്നു. സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇവർ മന്ത്രിയെയും മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെയും സമീപിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥ പലരേയും കുടുക്കിയെന്ന ആരോപണമുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥയാണ് താൽപ്പര്യമുള്ളിടത്ത് സ്ഥലം മാറ്റത്തിന് നീക്കം തുടങ്ങിയത്. പരാതികളുടെ ഗൗരവം കണക്കിലെടുത്ത് ഇവർ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം നൽകുന്നതിനെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തു.
പരാതി അന്വേഷിക്കാനും വകുപ്പ് നടപടിയെടുത്തു. ഇതോടെ, ഉദ്യോഗസ്ഥർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തത് കൈവശമുണ്ടെന്നും അവകാശപ്പെട്ട് യുവതി രംഗത്തെത്തി. ഇതോടെ കഥ മാറി മറിഞ്ഞു. യുവതി ജോലിചെയ്ത സ്ഥലത്തെ മേലധികാരിയായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുത്ത് താൻ നിർദേശിക്കുന്നയിടത്ത് നിയമിക്കണമെന്നും തനിക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. പിന്നീട് ഇതെല്ലാം സംഭവിച്ചുവെന്നതാണ് വസ്തുത. ആ ലോബി ആ വകുപ്പിനെ വിഴുങ്ങി.
മാനസികമായി പീഡിപ്പിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരേ നൽകിയ പരാതി. ഇതൊന്നും ഉന്നത ഉദ്യോഗസ്ഥർ വകവെച്ചില്ല. ഇതോടെ തടസ്സംനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടിവേണമെന്നാവശ്യപ്പെട്ട് യുവതി ഭീഷണി കടുപ്പിച്ചു. യുവതിയുടെ സമ്മർദത്തിനുവഴങ്ങി ആവശ്യപ്പെട്ടതെല്ലാം പല ഘട്ടങ്ങളിലായി മന്ത്രിയുടെ ഓഫീസ് ചെയ്തുകൊടുത്തു. യുവതിയെയും അവർ നിർദേശിച്ചപ്രകാരം മേലധികാരിയെയും ആവശ്യപ്പെട്ട സ്ഥലത്തേക്കുതന്നെ മാറ്റിനിയമിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം വയനാട്ടിലേക്കും സ്ഥലംമാറ്റി. അതിവിചിത്രമായി ഈ സംഭവമെല്ലാം. ഈ ഉദ്യോഗസ്ഥനെതിരേ നൽകിയ പരാതിയിൽ വനിതാ കമ്മിഷൻ യുവതിക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തന്നെ വനിതാ കമ്മിഷൻ കേട്ടില്ലെന്നുകാട്ടി ഉദ്യോഗസ്ഥൻ അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. ഈ തീരുമാനം യുവതി അംഗീകരിച്ചില്ല.
അവർ വീണ്ടും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‌റ്് ചെയ്യാൻ മന്ത്രിയുടെ ഓഫീസ് നിർബന്ധിതമായി. ബുധനാഴ്ച ഇതിന് ഉത്തരവുമിറങ്ങി. ഇതോടെ ‘ഹണിട്രാപ്പ്’ ചർച്ച പുതിയ തലത്തിലുമെത്തി. പോലീസ് രഹസ്യാ ന്വേഷണവിഭാഗം ഇതെല്ലാം കണ്ടെത്തി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.