
മലപ്പുറത്ത് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; കൂടെ ഒരു യുവാവും
മലപ്പുറം താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡയിലുള്ള പെണ്‍കുട്ടികളുടെ അടുത്തേക്ക് താനൂര്‍ പോലീസ് ഉടനെ എത്തും.
രാവിലെ നെടുമ്പാശ്ശേരിയില്‍നിന്ന് മുംബൈയിലേക്ക് വിമാനം കയറിയ താനൂരില്‍നിന്നുള്ള പോലീസ് സംഘം എട്ടു മണിയോടെ മുംബൈയിലെത്തും. തുടര്‍ന്ന് പുനെയിലേക്ക് യാത്ര തിരിക്കും. അവിടെവച്ച് ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പോലീസുമായി പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിന്റെ സഹായവും കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടു പേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസിന്റെ അന്വേഷണപരിധിയില്‍തന്നെ റഹീം അസ്‌ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവർ ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു.

പെൺകുട്ടികൾ മാസ്‌ക് ധരിച്ചാണ് ബ്യൂട്ടി പാർലറിലേക്കെത്തിയതെന്നും ഇൻസ്റ്റഗ്രാം വഴി സുഹൃത്തായ ഒരാളുടെ കല്യാണത്തിനാണ് വന്നതെന്ന് പറഞ്ഞെന്നും മുംബൈയിലെ ബ്യൂട്ടി പാർലർ ഉടമ വെളിപ്പെടുത്തി.
കുട്ടികളോട് സംസാരിക്കുമ്പോൾ അവരെ കാണാതായ വിവരമൊന്നും അറിഞ്ഞിരുന്നില്ല. കേരളത്തിലെ പോലീസ് സ്റ്റേഷനിൽനിന്ന് ഫോൺ കോൾ വന്നപ്പോഴാണ് കാര്യമറിഞ്ഞതെന്നും സ്ഥാപന ഉടമ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വിളിക്കുന്നതിന് 15 മിനിട്ട് മുമ്പ് പെൺകുട്ടികൾ അവിടെനിന്നിറങ്ങിയെന്നും ലൂസി വെളിപ്പെടുത്തി.
ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽ നിന്നു സ്‌കൂളിലേക്ക് പോയ ഇരുവരേയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകർ വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് താനൂർ പൊലീസ് പരാതി നൽകിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടികളുടെ മൊബൈൽ ഫോൺ അവസാനമായി ഓണായതെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങളും ഇരുവരും കോഴിക്കോട് എത്തിയതിന്റെ ടവർ ലൊക്കേഷൻ വിവരങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.