
- രഞ്ജിത്ത് ടി.ബി
ചാമ്പ്യൻസ് ട്രോഫിയിൽ 25 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ഇന്ത്യ ന്യൂസിലാന്റ് ഫൈനൽ മൽസരം. ലാഹോറിൽ നടന്ന സെമി ഫൈനൽ മൽസരത്തിൽ ഭക്ഷിണാഫ്രിക്കയെ 50 റൺസുകൾക്ക് തോൽപ്പിച്ച് ന്യൂസിലാന്റ് ഫൈനലിലെത്തിയപ്പോൾ ഓസ്‌ട്രേലിയയെ 4 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്.
2000ൽ നടന്ന ചാമ്പ്യൻസ് ട്രോഫി മൽസരത്തിലാണ് ഇതിനു മുൻപ് ഇതേ ടീമുകൾ ഐസിസി വൈറ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനൽ മൽസരം കളിച്ചത്. ഐസിസി നോക്കൌട്ട് ടൂർണമെന്റ് എന്നായിരുന്നു ആ സമയത്ത് അറിയപ്പെട്ടിരുന്നത്.
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്ത് ക്യാപ്റ്റന്റെ സെഞ്ച്വറിയുടെയും സച്ചിൻ തെൻഡുൽക്കറുടെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ 264/6 എന്ന സ്‌കോർ നേടി. മറുപടി ബാറ്റിംഗിൽ ക്രിസ് കെയ്ൻസ് നേടിയ 102 റൺസുകളുടെ മികവിൽ 6 വിക്കറ്റിന്റെ നഷ്ടത്തിൽ ന്യൂസിലാന്റ് വിജയം നേടുകയായിരുന്നു. സ്റ്റീഫൻ ഫ്‌ലെമിംഗ് നയിച്ച ടീമിൽ ക്രിസ് ഹാരിസ്സ് 46 റൺസുകളും നേടി വിജയത്തിന് മികച്ച പിന്തുണ നൽകിയിരുന്നു. അതിനു ശേഷം ന്യൂസിലാന്റിനു വൈറ്റ് ബാൾ മെൻസ് ക്രിക്കറ്റിൽ ഐസിസി നടത്തുന്ന ടൂർണ്ണമെന്റുകളിൽ കിരീടം നേടാനായിട്ടില്ല.

2015 ലും 2019 ലും നടന്ന ഏകദിന ലോകകപ്പുകളുടെ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേട്ടം സാധ്യമായില്ല. 2021 ൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യക്കെതിരെ കെയ്ൻ വില്യംസൺന്റെ നേതൃത്വത്തിൽ കളിച്ച ന്യൂസിലാന്റ് ടീം ജേതാക്കളായി. മഴ കളി തടസ്സപ്പെടുത്തിയ ഫൈനൽ മൽസരത്തിൽ 8 വിക്കറ്റുകൾക്കാണ് വിജയം നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ നേരിട്ടപ്പോൾ ന്യൂസിലാന്റിന് തോൽവിയായിരുന്നു ഫലം. ദക്ഷിണാഫിക്കയെ 50 റൺസുകൾക്ക് സെമിയിൽ തോൽപ്പിച്ചു ന്യൂസിലാന്‌റ് ടീമിൽ 2 സെഞ്ച്വറികളുമായി രചിൻ രവീന്ദ്ര, ഒരു സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും നേടിയ കെയ്ൻ വില്യംസൺ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ് തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണ്.
ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ നയിക്കുന്ന സ്പിൻ നിരയിൽ സപ്പോർട്ടുമായി മിച്ചൽ ബ്രാസ് വെൽ, ഗ്ലെൻ ഫിലിപ്‌സും അണിനിരക്കുമ്പോൾ മാറ്റ് ഹെൻറി, കെയ്ൽ ജാമിയേസൺ, വിൽ ഓ റൂർക്കി തുടങ്ങിയ പേസർമാരും ഉൾപ്പെടുന്നു. ഫൈനലിൽ ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ നേരിടാനുള്ള ഒരുക്കങ്ങളിലാണ് ടീം ന്യൂസിലാന്റ്.