
- രഞ്ജിത്ത് ടി. ബി.
അന്താരാഷ്ട ഏകദിന ക്രിക്കറ്റിൽ റൺ ചേസിംഗിൽ 8000 റൺസുകൾ പിന്നിട്ട രണ്ടാമത്തെ താരമായി ഇന്ത്യയുടെ വിരാട് കോലി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറാണ് ഈ നേട്ടം ഇതിനു മുൻപ് കൈവരിച്ചത്, 8720 റൺസുകളാണ് താരം നേടിയിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരെ നടന്ന സെമിഫൈനൽ മൽസരത്തിലാണ് കോലി ഈ നേട്ടം കൈവരിച്ചത്, 159 ഇന്നിംഗ്സുകളിൽ നിന്നുമാണ് ഇതിലേക്ക് എത്തിയത്.
ബാറ്റിംഗ് തികച്ചും ദുഷ്കരമായ ദുബായ് സ്റ്റേഡിയത്തിലെ പിച്ചിൽ വളരെ ശ്രദ്ധയോടെ ബാറ്റ് ചെയ്ത വിരാട് കോലി തൻ്റെ പതിവു ആക്രമണശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ബാറ്റു വീശി പരമാവധി റൺസുകൾ സിംഗിളുകളിലും ഡബിളുകളിലുമായി നേടിയെടുത്തു. 98 പന്തുകൾ നേരിട്ട കോലി 84 റൺസുകൾ എടുത്തപ്പോൾ അഞ്ച് ബൗണ്ടറികൾ മാത്രമാണ് നേടിയത്.
പിച്ചിൻ്റെ സ്വഭാവവും കളിയുടെ സാഹചര്യവും കൃത്യമായി വിശകലനം ചെയ്തു നടത്തിയ ഒരു മാസ്റ്റർ ക്ലാസ്സ് പ്രകടനം തന്നെയായിരുന്നു ഈ ഇന്നിംഗ്സ് എന്നു എടുത്തു പറയാൻ കഴിയുന്നതാണ്.
2000 നു ശേഷം ഏകദിന മൽസരങ്ങളിൽ ഏറ്റവും കൂടുതൽ സിംഗിളുകളെടുക്കുന്ന താരവും കോലി തന്നെ, 5870 സിംഗിളുകൾ നേടിയപ്പോൾ 5688 സിംഗിളുകളെടുത്ത ശ്രീലങ്കൻ മുൻതാരം കുമാര സംഗക്കാരയാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഐസിസി ടൂർണമെന്റുകളില് ഏറ്റവും കൂടുതൽ തവണ 50 റൺസുകൾക്കു മുകളിൽ നേടിയ താരം എന്ന ബഹുമതിയും തന്റെ പേരിലാക്കി. 53 ഇന്നിംഗ്സുകളിൽ നിന്നും 24 തവണ അൻപതു റൺസുകൾക്ക് മുകളിൽ നേടിയ താരം പുറകിലാക്കിയത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ (58 ഇന്നിംഗ്സിൽ നിന്നും 23 തവണ).
ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെൻ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരവുമായി കിംഗ് കോലി. ശ്രീലങ്കൻ മുൻകളിക്കാരനായ മഹേള ജയവർധനെയെയാണ് കോലി മറികടന്നത്. ഒന്നാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ 17 മൽസരങ്ങളിൽ 791 റൺസുകൾ നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേട്ടം ശിഖർ ധവാനിൽ നിന്നും കോലി നേടിയെടുത്തു . ചാമ്പ്യൻസ് ട്രോഫിയിൽ ഇതുവരെ 17 മൽസരങ്ങൾ കളിച്ച കോലി 746 റൺസുകൾ നേടിയിട്ടുണ്ട്. 10 മൽസരങ്ങളിൽ 701 റൺസാണ് ശിഖാർ ധവാൻ്റെ നേട്ടം. 13 മൽസരങ്ങളിൽ 665 റൺസ് നേടി പട്ടികയിൽ മൂന്നാം സ്ഥാനത്ത് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.
ഓസീസിനെതിരെ കഴിഞ്ഞ മൽസരത്തിൽ 2 ക്യാച്ചുകൾ നേടിയ കോലി ( ടോട്ടൽ 161) റിക്കി പോണ്ടിംഗിൻ്റെ160 ക്യാച്ചുകൾ ( ഫീൽഡർ) എന്ന റെക്കോഡ് മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. മഹേല ജയവർധനെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഏകദിന മൽസരങ്ങളുടെ കണക്കുുകളാണ് ഇത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ 46 റൺസുകൾ കൂടി നേടാൻ കഴിഞ്ഞാൽ ക്രിസ് ഗെയ്ലിനെ മറികടന്ന് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറാൻ കഴിയും.