
പരീക്ഷ ചോദ്യപേപ്പർ ചോർച്ച: സ്കൂളിലെ പ്യൂണ്‍ അറസ്റ്റില്‍
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക അറസ്റ്റുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊലൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു.
എംഎസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അബ്ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ചോദ്യപേപ്പർ ചോർത്തിയത്.
കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പർ എം.എസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017-ലാണ് ഈ യുട്യൂബ് ചാനൽ തുടങ്ങിയത്. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷം ചാനലിന്റെ റീച്ചിലും വ്യൂവേഴ്‌സിലും വൻ വർദ്ധനവാണ് ഉണ്ടായത്. 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടി.
യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയിൽ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികൾ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബിൽനിന്ന് കിട്ടിയ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പരാതിയിൽ കൊടുവള്ളി എ.ഇ.ഒ. അന്വേഷണം നടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.