CricketNewsSports

ഇന്ത്യ ഫൈനലിൽ; ഓസ്‌ട്രേലിയയെ തകർത്തത് 4 വിക്കറ്റിന് | Champions Trophy 2025

  • രഞ്ജിത്ത് ടി.ബി

ചാമ്പ്യൻസ് ട്രോഫി ഒന്നാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. 11 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. മുന്നിൽ നിന്നു നയിച്ച വിരാട് കോലിക്ക് മധ്യനിര നല്‍കിയ മികച്ച പിന്തുണയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 98 പന്തുകളിൽ 84 റൺസും 2 ക്യാച്ചുകളും നേടിയ കോലിയാണ് പ്ലേയർ ഓഫ് ദി മാച്ച്.

265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബെൻ ഡെർഷ്യൂസിൻ്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പ് തെറിക്കുകയായിരുന്നു. വ്യക്തിഗത സ്കോർ 13ലും 14 ലും നിൽക്കെ രോഹിത് ശർമ്മയെ പുറത്താക്കാനുള്ള അവസരം ഓസീസ് ഫീൽഡേഴ്സ് നഷ്ടപ്പെടുത്തിയെങ്കിലും ഒരു ദീർഘ ഇന്നിംഗ്സ് കളിക്കാൻ അദ്ദേഹത്തിനെ ഓസീസ് ബൗളർമാർ അനുവദിച്ചില്ല. 29 പന്തുകളിൽ 28 റൺസെടുത്ത രോഹിത് ശർമയെ കൂപ്പർ കൊണോലി വിക്കറ്റിനു മുന്നിൽ കുരുക്കി.

Indian Cricket Team in to Champions trophy 2025 Final - TEAM INDIA

മൂന്നാം വിക്കറ്റ് പാർടണർഷിപ്പിൽ കോലി – ശ്രേയസ്സ് അയ്യർ സഖ്യം പടുത്തുയർത്തിയ 91 റൺസ് വളരെ നിർണ്ണായകമായി. വിശ്വസ്തനായ നാലാം നമ്പർ ബാറ്റർ ശ്രേയസ് അയ്യർ 42 റൺസുകൾ നേടി. തുടർന്നു ക്രീസിൽ എത്തിയ അക്ഷർ പട്ടേൽ കോലിയുമായുളള കൂട്ടുകെട്ടിൽ 54 റൺസുകൾ പിറന്നു. ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെട്ട ഇന്നിംഗ്സിൽ അക്ഷർ പട്ടേൽ നേടിയത് 27 റൺസുകൾ .

കിംഗ് കോലി 43ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യ വിജയത്തിന് 40 റൺസുകൾക്ക് മാത്രം പുറകിലെത്തിയിരുന്നു. ഏഴാം നമ്പരിലെത്തിയ ഹർദ്ദിക് പാണ്ഡ്യ 24 പന്തുകൾ നേരിട്ട് 28 റൺസുകളോടെ പുറത്താകുമ്പോൾ വിജയ ദൂരം 6 റൺസുകൾ മാത്രമായിരുന്നു. മൂന്നു സിക്സറുകൾ പറത്തിയ പാണ്ഡ്യ ഒരു ബൗണ്ടറിയും നേടി. 49ാം ഓവറിൻ്റെ ആദ്യ പന്തിൽ വിജയ റൺ സിക്സറിലൂടെ നേടിയ കെ എൽ രാഹുൽ പുറത്താകാതെ 42 റൺസുകൾ സംഭാവന ചെയ്തു. 32 പന്തുകളിൽ 2 ഫോറും 2 സിക്സും. ഓസ്ട്രേലിയക്കു വേണ്ടി നഥാൻ എല്ലിസ് ആദം സാംപ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസുകൾ നേടി 49.3 ഓവറുകളിൽ ഓൾ ഔട്ട് ആകുകയായിരുന്നു. 96 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 73 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റീവൻ സ്മിത്താണ് ടോപ് സ്‌കോറർ. മധ്യനിരയിൽ അലക്‌സ് ക്യാരി 57 പന്തുകളിൽ 61 റൺസ് നേടി (8 ബൗണ്ടറിയും ഒരു സിക്‌സും).

മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡിനെ പുറത്താക്കാനുള്ള ഒരു അവസരം ലഭിച്ചെങ്കിലും അത് പൂർത്തീകരിക്കാനായില്ല, റിട്ടേൺ ക്യാച്ച് അവസരം ഷമിയ്ക്ക് മിസ്സ് ആകുകയായിരുന്നു. മൂന്നാം ഓവറിന്റെ അവസാന പന്തിൽ കൂപ്പർ കൊണോലിയെ ഷമി സംപൂജ്യനായി മടക്കി, വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനായിരുന്നു ക്യാച്ച്.

വരുൺ ചക്രവർത്തിയുടെ ആദ്യ ഓവറിൽത്തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ മടക്കി. ബൗണ്ടറിയിൽ ഫീൽഡു ചെയ്യുകയായിരുന്ന ശുഭ്മാൻ ഗിൽ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താകുമ്പോൾ 39 റൺസുകൾ 33 പന്തുകളിൽ നിന്നും നേടിയിരുന്നു ഹെഡ്.

India Vs Australia Ravidra Jadeja wicket Josh Inglis departs for 11 as Virat Kohli takes the catch!

29 റൺസുകൾ നേടിയ മാർണസ് ലെബുഷെയ്നെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ജോഷ് ഇംഗ്ലിസിനെയും പുറത്താക്കിയത് ജഡേജ ആയിരുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയത് അർദ്ധ സെഞ്ച്വറി തികച്ച സ്റ്റീവൻ സ്മിത്തിനെ 37ാം ഓവറിൽ ഷമി പുറത്താക്കിയപ്പോൾ തൊട്ടടുത്ത ഓവറിൽ കൂറ്റനടിക്കാരനായ ഗ്ലെൻ മാക്‌സ്വെല്‌നെ അക്‌സർ പട്ടേൽ ബൗൾഡാക്കി. അലക്‌സ് ക്യാരിയ്ക്ക് മികച്ച പിന്തുണ നൽകി 29 പന്തുകളിൽ 19 റൺസ് നേടിയ ബെൻ ഡാർഷ്യൂസിന്റെ വിക്കറ്റ് വരുൺ ചക്രവർത്തി നേടി.

നാൽപ്പത്തിയെട്ടാം ഓവറിലെ ആദ്യ പന്തിൽ അലക്‌സ് ക്യാരിയെ മികച്ച ഒരു ഡയറക്ട് ത്രോയിലുടെ ശ്രേയസ്സ് അയ്യർ പുറത്താക്കി. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം നേടി. അക്ഷർ പട്ടേലിനും ഹാർദ്ദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റുവീതം നേടാനായി.

India Vs Australia Champions trophy 2025 Semi Final: India Won By 4 Wickets