News

മിസ്റ്റർ ചീഫ് മിനിസ്റ്റർ: ക്ഷുഭിതനായി പിണറായി വിജയൻ, കടന്നാക്രമിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരുക്കുന്ന അക്രമങ്ങളെ കുറിച്ചും സർക്കാറിന്റെ നിസ്സംഗതയെ കുറിച്ചും ചെന്നിത്തല അടിയന്തര പ്രമേയത്തിൽ അക്കമിട്ട് നിരത്തിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

കേരളത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ ലഹരിയുടെ ഒഴുക്കും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി സർക്കാറാണെന്നും വിമർശനമുയർന്നു.

രമേശ് ചെന്നിത്തലയെ ചൊറിഞ്ഞ പിണറായി വിജയന് പ്രതിപക്ഷ നേതാവിന്റെ ചൂടൻ മറുപടി

സമീപ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ എന്താണ് നമ്മെ പഠിപ്പിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ടി.പി. ചന്ദ്രശേഖരൻ വധത്തെ കുറിച്ചും ചെന്നിത്തല സഭയിൽ എടുത്തുപറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് വ്യാപകമായി പരോൾ നൽകി. കാപ്പ കേസിലെ പ്രതിയെ മാലയിട്ട് മുദ്രാവാക്യം വിളിക്കുന്ന മന്ത്രിയെ കണ്ട് കേരളം ലജ്ജിച്ചു തലതാഴ്ത്തി.

നവീൻ ബാബു വിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യ ജയിൽ മോചിതയായപ്പോൾ പാർട്ടി സെക്രട്ടറിയുടെ ഭാര്യയുൾപ്പെടെ ജയിലിന് പുറത്ത് സ്വീകരിക്കാനെത്തി. കൃപേഷ്, ശരത് ലാൽ വധക്കേസുകളിലെ പ്രതികളെ മാലയിട്ട് ഓപൺ ജയിലിൽ സ്വീകരണം നൽകുന്നു. ?’മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്തു സന്ദേശമാണ് നിങ്ങൾ ഇതിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. തുടർന്ന് ചെന്നിത്തല പറയുന്നത് അനാവശ്യ കാര്യങ്ങളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.

മിസ്റ്റർ, ചീഫ് മിനിസ്റ്റർ എന്നു വിളിച്ച് ചെന്നിത്തല കുറെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനായി എഴുന്നേറ്റത്. ഓരോന്നിനും ഇടക്കിടെ ഉത്തരം പറയണമെങ്കിൽ അതാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാഥാർഥ്യം മനസിലാക്കണമെന്നും ഇടക്കിടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചാൽ മാത്രം പോര, നാടിന്റെ പ്രശ്‌നം മനസിലാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനു പിന്നാലെ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി ഇത്രക്ക് അസഹിഷ്ണുത കാണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. പിന്നാലെ ചെന്നിത്തലയെ വിമർശിച്ച് മന്ത്രിമാരും രംഗത്തെത്തുകയായിരുന്നു

നമുക്കൊന്നും സങ്കൽപ്പിക്കാൻ കഴിയാത്ത നിലയിൽ കേരളത്തിലെ കലാലയങ്ങളിലും വിദ്യാലയങ്ങളിലും ലഹരിയുടെ വ്യാപനം ശക്തമായി വന്നതിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ സമയവും വിമുക്തിയെപ്പറ്റി പറയുന്ന മുഖ്യമന്ത്രി ആ പദ്ധതി കേരളത്തിൽ പരാജയപ്പെട്ടെന്ന് പറയേണ്ട അവസ്ഥയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജില്ലകളിൽ വിമുക്തിക്ക് കോർഡിനേറ്റർമാരില്ല, അവർക്ക് വാഹനമില്ല, ഉദ്യോഗസ്ഥർമാരില്ല, അവിടെ ജോലി ചെയ്യാൻ പോലും ഡോക്ടർമാർ തയാറാകുന്നില്ലെന്നും കാരണം അവർക്ക് പഴയ ശമ്പളമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാറുകളുടെ എണ്ണം വർധിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.