
കെ.എസ്.ആർ.ടി.സി ടിക്കറ്റെടുക്കാനും ഗൂഗിൾ പേ
കെ.എസ്.ആർ.ടി.സി ബസുകളിൽ ഗൂഗിൾ പേ ഉൾപ്പെടെ യു.പി.ഐ ആപ്പുകൾ വഴി ടിക്കറ്റെടുക്കാൻ സംവിധാനമൊരുങ്ങി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും ടിക്കറ്റെടുക്കാൻ ഡിജിറ്റൽ സംവിധാനം ആരംഭിച്ചു.
ഇനിയിത് പത്തനംതിട്ടയിലേക്കും തുടർന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. രണ്ട് മാസത്തിനുള്ളിൽ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും യു.പി.ഐ പേയ്‌മെൻറ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാൻ സംവിധാനം ഒരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഇതിനുള്ള പരിശീലനം ജീവനക്കാർക്ക് നൽകുകയാണ്. കെ.എസ്.ആർ.ടി.സിയുടെ തന്നെ യന്ത്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകാനുള്ള സംവിധാനമാണ് ഉള്ളത്. ഇതേ മെഷീനിൽ തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്ത് ലഭ്യമാക്കും. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാവും പണമെത്തുക. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല.
നേരത്തെ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലർ സർവീസുകളിലും പോയന്‌റ് ടു പോയന്‌റ് സർവീസുകളിലും പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ആരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചത്. ഇതിന്‌റെ തുടർച്ചയായാണ് കൊല്ലം ജില്ലയിൽ യു.പി.ഐ പേയ്‌മെന്‌റ് രീതി നടപ്പാക്കിയത്.
യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പില്ലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഡിജിറ്റൽ പേമെൻറ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കെ.എസ്.ആർ.ടി.സിയെയും ഡിജിറ്റലാക്കുന്നത്.
ഈ സേവനങ്ങൾക്ക് ഒരോ ടിക്കറ്റിൽനിന്നും കെ.എസ്. ആർ.ടി.സി ചെറിയ തുക ‘ചലോ ആപ്പിന്’ നൽകണമെന്നതാണ് കരാർ. കെ.എസ്.ആർ.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവൽകാർഡും പുതുക്കി ഇതിൽ ഉപയോഗിക്കാനാകും.