സിപിഎമ്മിനും ദേശാഭിമാനിക്കുമെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

മറിയക്കുട്ടി

കൊച്ചി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച വയോധിക മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നു. ദേശാഭിമാനി ദിനപത്രവും സിപിഎം അണികളും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയാണ് മറിയക്കുട്ടി നിയമപോരാട്ടം നടത്തുന്നത്.

ഒന്നര ഏക്കര്‍ സ്ഥലവും രണ്ടും വീടുമുള്ളയാളാണ് മറിയക്കുട്ടിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് സിപിഎം മുഖപത്രമായ ദേശാഭിമാനിയായിരുന്നു. പിന്നീട് ഇത് സിപിഎം അണികളും ഏറ്റെടുത്തു. എന്നാല്‍, ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെ പ്രചാരണം നുണയാണെന്ന് തെളിഞ്ഞു.

കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക. അപകീര്‍ത്തിക്കേസും നല്‍കുമെന്നും മറിയക്കുട്ടി അറിയിച്ചു. മറിയക്കുട്ടിക്ക് നിയമസഹായം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സി.പി.എം. അനുകൂലികളുടെ പ്രചാരണം. പാര്‍ട്ടിയുടെ മുഖപത്രത്തില്‍ വന്ന വാര്‍ത്ത ഏറ്റെടുത്തായിരുന്നു അണികള്‍ വ്യാപകമായി പ്രചാരണം നടത്തിയത്. സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു ദേശാഭിമാനി വാര്‍ത്ത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments