
കടബാധ്യത കുത്തനെ ഉയർന്നു; ഒപ്പം പലിശയും! ഖജനാവ് പാപ്പരാക്കി കെ.എൻ. ബാലഗോപാൽ
കടം എടുത്ത് മുടിയുന്ന കേരളം. ഓരോ വർഷവും പലിശ മാത്രം കോടികൾ. കടം വാങ്ങൽ മേള തകൃതിയായി നടക്കുന്നതോടെ പലിശ ഇനത്തിൽ കേരളം അടയ്ക്കേണ്ടത് കോടികൾ.
2025- 26 ൽ പലിശ കൊടുക്കാൻ വേണ്ടത് 31823.72 കോടി. 2023- 24 ൽ പലിശ കൊടുത്തത് 26986.22 കോടി, 2024- 25 ൽ ഇത് 29739.32 കോടിയായി ഉയർന്നു. കടമെടുപ്പ് ഉയർന്നതോടെ സംസ്ഥാനത്തിൻ്റെ ആകെ കടബാധ്യത 4,81,997.62 കോടിയായി.
2023- 24 ൽ 3,91,934.23 കോടിയായിരുന്നു കടബാധ്യത. 40,848.21 കോടിയാണ് 2025- 26 സാമ്പത്തിക വർഷം കടമായിട്ട് എടുക്കാൻ സാധിക്കുക. ഇതിൽ 31823.72 കോടിയും പലിശ കൊടുക്കാൻ ആണ്. കടം എടുക്കുന്ന തുകയിൽ പലിശ കൊടുത്തതിന് ശേഷം മിച്ചമുള്ളത് 9024. 49 കോടി മാത്രം.
കടം വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും എല്ലാ രംഗത്തും കുടിശികയാണ്. ആശ വർക്കർ മാർക്ക് കുടിശിക കിട്ടാൻ 18 ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യേണ്ടി വന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള 1 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കെ.എൻ ബാലഗോപാൽ തടഞ്ഞ് വച്ചിരിക്കുന്നത്.
ക്ഷേമ പെൻഷൻ 3 മാസം കുടിശികയാണ്. കെട്ടിട നിർമാണ തൊഴിലാളികൾക്ക് പെൻഷൻ കിട്ടിയിട്ട് ഒന്നര വർഷമായി. ക്ഷേമനിധി ബോർഡ് പെൻഷനുകൾ എല്ലാം കുടിശികയാണ്. നെല്ല് സംഭരണം ഉൾപ്പെടെ കർഷക ആനുകൂല്യങ്ങളും കുടിശികയാണ്. പദ്ധതി 50 ശതമാനം വെട്ടി കുറയ്ക്കുകയും ചെയ്തു.
കടം എടുത്തിട്ടും ഇതെല്ലാം വെട്ടിക്കുറച്ചു അല്ലെങ്കിൽ കുടിശികയാക്കി. കടം എടുത്ത പണം പോകുന്നത് എങ്ങോട്ടാണ് എന്ന ചോദ്യമാണ് ഉയരുന്നത്. കടം എടുത്ത് ധൂർത്തടിച്ച് ഖജനാവ് പാപ്പരാക്കി ബാലഗോപാൽ ഏതാനും മാസം കഴിഞ്ഞ് കസേര ഒഴിയുമ്പോൾ കുടിശിക മന്ത്രി അല്ലങ്കിൽ കടമെടുക്കൽ മന്ത്രി എന്ന പേരിൽ ആകും ചരിത്രം ബാലഗോപാലിനെ രേഖപ്പെടുത്തുക.