Kerala Government News

കടം തരണേ കടം! മാർച്ച് മാസം ആണ്, 10000 കോടി കൂടി കടം എടുക്കാൻ അനുമതി നൽകണം; നിർമല സീതാരാമനോട് കെ.എൻ.ബാലഗോപാൽ

കടം തരണേ, കടം. വീണ്ടും കടം എടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർമല സീതാരാമനെ സമീപിക്കും. മാർച്ചിലെ ചെലവിനാണ് വീണ്ടും കടം എടുക്കുന്നത്.

10,000 കോടി രൂപ കൂടി കടമെടുക്കാനാണ് കേരളം അനുമതി ആവശ്യപ്പെടുന്നത്.ഇതോടൊപ്പം വൈദ്യുതിനഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് 0.5 ശതമാനം കടമെടുക്കാനാകും. ഇത് ഏകദേശം 5,500 കോടി രൂപ വരുമെന്നാണു കണക്കാക്കുന്നത്. ഇതിന് അനുമതി നല്‍കണമെന്നും കേന്ദ്ര ധന സെക്രട്ടറിയോട് അഭ്യർഥിക്കും. ഇത് രണ്ടും ലഭിച്ചാൽ 15000 കോടി ട്രഷറിയിൽ എത്തും.

കൂടാതെ മാർച്ചില്‍ ചരക്കു സേവന നികുതിയും വില്‍പ്പനനികുതിയും ഇനത്തില്‍ 9,000 കോടി രൂപ സംസ്ഥാന ഖജനാവിലെത്തുമെന്നാണ് ധനവകുപ്പ് അധികൃതരുടെ പ്രതീക്ഷ. 24,000 കോടി രൂപ ലഭ്യമായാല്‍ മാർച്ചിലെ ചെലവുകള്‍ കൃത്യമായി ക്രമീകരിക്കാനാകും.

1920 കോടി രൂപയുടെ കടമെടുപ്പു നടപടികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയതിനെ തുടർന്നു പണം ലഭിച്ചിരുന്നു. തുടർന്ന് 605 കോടി കൂടെ കടം എടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി പൂർണ്ണമായും തീർന്നതോടെയാണ് കേന്ദ്രത്തോട് വീണ്ടും കടമെടുക്കാൻ അനുമതി തേടിയത്.

കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മാർച്ച് മാസം ട്രഷറി പൂട്ടേണ്ടി വരും. സാമ്പത്തിക വർഷാവസാന മാസം ട്രഷറി പൂട്ടി എന്ന ചീത്ത പേരും ബാലഗോപാലിന് കേൾക്കേണ്ടി വരും. പദ്ധതി വിഹിതം 50 ശതമാനം വെട്ടി കുറച്ചിട്ടും ആനുകുല്യങ്ങൾ പലതും തടഞ്ഞ് വച്ചിട്ടും കാര്യങ്ങൾ മുന്നോട്ട് പോകാൻ കഴിയുന്നില്ല എന്നത് ഗുരുതര ധനകാര്യ മാനേജ്മെൻ്റ് വീഴ്ചയാണ്.

ബാലഗോപാലിന് ധനകാര്യ മാനേജ്മെൻ്റ് വഴങ്ങുന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ബാലഗോപാൽ ധനകാര്യ മന്ത്രിയാണോ, കടം വാങ്ങൽ മന്ത്രിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *