CinemaNews

എമ്പുരാന് പണികൊടുക്കാൻ ഫിലിം ചേംബർ; ആന്റണി പെരുമ്പാവൂരിനെ പുറത്താക്കാൻ നീക്കം

കൊച്ചി: മലയാള സിനിമയിലെ തർക്കങ്ങളും സമര പ്രഖ്യാപനവും പുതിയ തലത്തിലേക്ക് നീങ്ങുന്നു. പരസ്യമായി തന്നെ എമ്പുരാൻ സിനിമക്ക് പണി കൊടുക്കുന്ന നീക്കവുമായി ഫിലിംചേംബർ.

മാർച്ച് 25ന് ശേഷമുള്ള സിനിമ റിലീസുകൾക്ക് കരാർ ഒപ്പിടുന്നതിന് മുമ്പ് അനുവാദം വാങ്ങണമെന്ന് ഫിയോക്ക് ഉൾപ്പെടെയുള്ള സിനിമ സംഘടനകൾക്ക് ഫിലിം ചേംബർ കത്ത് നൽകി. മാർച്ച് 27നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം തന്നെ സൂചന പണിമുടക്ക് നടത്താനാണ് ഫിലിം ചേംബറിന്റെ നീക്കം.

ജി സുരേഷ്‌കുമാറിന് മറുപടിയായി ഫേസ്ബുക്ക് കുറിപ്പ് എഴുതിയ ആന്റണി പെരുമ്പാവൂർ ഏഴുദിവസത്തിനകം പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ അദ്ദേഹത്തിന് കത്ത് നൽകി. മറുപടി തൃപ്തികരമല്ലെങ്കിൽ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്യാനാണ് നീക്കം.

എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. സിനിമ വിതരണ കമ്പനികളും തിയേറ്ററുകളും തമ്മിലുള്ള കരാറിന് മുമ്പ് ഫിലിം ചേംബറിന്റെ അനുവാദം വാങ്ങണമെന്ന നിർദ്ദേശമാണ് വെച്ചിരിക്കുന്നത്. ഇത് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ സിനിമക്ക് പ്രതിസന്ധിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് സംശയിക്കുന്നത്.

ജൂൺ ഒന്ന് മുതൽ സിനിമാമേഖല സ്തംഭിപ്പിച്ച് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആന്റണി പെരുമ്പാവൂരിനെ ഒതുക്കാൻ തന്നെ ഉറപ്പിച്ച് നീങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ ബിസിനസ്സ് ലക്ഷ്യം വെച്ചിറങ്ങുന്ന എമ്പുരാൻ (L2E Empuraan) കേരളത്തിൽ റിലീസ് ചെയ്യാനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് സിനിമാ സംഘടനകൾ ശ്രമിക്കുന്നത്.

ആൻ്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സിനിമ സംഘടനകള്‍ വെച്ചുപുലർത്തുന്നത.

Leave a Reply

Your email address will not be published. Required fields are marked *