
ആരാണ് സായെദ് മസൂദ്? ഖുറേഷി അബ്രാമിനെയും ഗ്യാങിനെയും തൊടാൻ പറ്റുന്ന ഒരു ശക്തി എംപുരാനിൽ അവതരിക്കുമോ?; പൃഥ്വിരാജ് പറയുന്നു : L2E Empuraan
മോഹൻലാല്‍ നായകനായ സൂപ്പർ ഹിറ്റായ ലൂസിഫറിൻ്റെ രണ്ടാം ഭാഗം എംപുരാൻ്റെ കഥാപാത്രങ്ങളില്‍ സായെദ് മസൂദിനെ പരിചയപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. എംപുരാന്റെ കാരക്ടർ പോസ്റ്ററുകളിൽ പ്രേക്ഷകർ കാത്തിരുന്ന രണ്ട് പേരുകളാണ് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും. സംവിധായകനായ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സായെദ് മസൂദ് ആരാണെന്നും അദ്ദേഹത്തിന്റെ കഥയെന്താണെന്നും എംപുരാനിൽ പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയുമെന്നാണ് പറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലംകൈ ആയാണ് സയ്ദ് മസൂദിനെ നമ്മൾ ലൂസിഫറിൽ കണ്ടത്. ലൂസിഫർ ഫ്രാഞ്ചൈസിയിലെ സയ്ദ് മസൂദ്. “ഈ ഫ്രാഞ്ചൈസിലെ ആദ്യ ഭാഗമായ ലൂസിഫറിൽ ലോകത്തിലെ ഗോൾഡ് ആൻഡ് ഡയമണ്ട് ട്രേഡ് നിയന്ത്രിക്കുന്ന ഖുറേഷി അബ്രാമിന്റെ ഹിറ്റ് ഗ്രൂപ്പ് ലീഡ് ചെയ്യുന്ന ഒരു കമാൻഡോ ആയിട്ടാണ് നിങ്ങൾ സയ്ദ് മസൂദിനെ പരിചയപ്പെട്ടത്.
അങ്ങനെ മാത്രമേ നിങ്ങൾ സയ്ദ് മസൂദിനെ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാൽ ഈ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളപ്പോലെയും സയ്ദിനമുണ്ട്, അയാളുടെ ഒരു കഴിഞ്ഞ കാലം, അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം.
ആ കഥയെന്താണെന്നും ആ ലോകം എന്തായിരുന്നുവെന്നും ആ കഴിഞ്ഞ കാലം എന്താണെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും നിങ്ങൾ ഈ രണ്ടാം ഭാഗമായ എംപുരാനിൽ മനസിലാക്കും. വളരെ കോപ്ലക്സ് ആയ ഒരു ലോകമാണ് ലൂസിഫറിൽ നിങ്ങൾ കണ്ടത്. ഒരുപാട് കഥാപാത്രങ്ങളും അവർക്കിടയിലുണ്ടാകുന്ന കാര്യങ്ങളുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു.
എംപുരാനിലേക്ക് വരുമ്പോൾ ആ കോംപ്ലക്സിറ്റി ഇനിയും വളരുകയാണ്. കഥാപാത്രങ്ങളുടെ എണ്ണം ഇനിയും കൂടുകയാണ്. കുറച്ചധികം കഥാ പശ്ചാത്തലങ്ങളും ഇത്തവണ നിങ്ങൾ കാണാനിടയാകും. ലൂസിഫർ അവസാനിക്കുമ്പോൾ, ഖുറേഷി അബ്രാം എന്ന് പറയുന്ന ഈ അണ്ടർവേൾഡ് മെഗാ സിൻഡിക്കേറ്റിനെ തൊടാൻ പറ്റുന്ന അത്രമാത്രം ശക്തിയുള്ള മറ്റൊരു ഫോഴ്സ് ഈ ലോകത്തിലില്ല എന്ന ധാരണയിലാണ് നമ്മൾ ആ സിനിമ കണ്ട് പിരിയുന്നത്. ആ ധാരണ ശരിക്കും സത്യമായിരുന്നോ? അതോ മിഥ്യയോ? “.- പൃഥ്വിരാജ് വിഡിയോയിൽ പറഞ്ഞു.
മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.