
കോവിഡ് പർച്ചേസിൽ അഴിമതി നടന്നെന്ന് ധനവകുപ്പിന്റെയും കണ്ടെത്തൽ: കെകെ ശൈലജയുടെ വാദങ്ങള് പൊളിയുന്നു
കോവിഡ് കാല പർച്ചേസിൽ വ്യാപക അഴിമതി നടന്നെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ കണ്ടെത്തൽ. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് കോവിഡ് കാല പർച്ചേസുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തോട് ആവശ്യപ്പെട്ടത്.
2022 ജനുവരിയിൽ ആരംഭിച്ച പരിശോധന 2022 ജൂണിൽ പൂർത്തികരിച്ചു. അന്വേഷണത്തിൽ ഞെട്ടിക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. എന്നാൽ ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പൂഴ്ത്തി. റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടില്ല.
കോവിഡ് കാല അഴിമതി സംബന്ധിച്ചു ആരോഗ്യ വകുപ്പിന്റെ HEALTH-B3/312/2021-HEALTH നമ്പർ ഫയലിൽ ആരോഗ്യ മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം ആരംഭിച്ചത്. ജനുവരി 2022 ൽ ആരംഭിച്ച ധനകാര്യ വിഭാഗം പരിശോധന 2022 ജൂണിൽ പൂർത്തീകരിച്ചു.
എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വീണ എസ് നായർ നൽകിയ വിവരാവകാശ അപേക്ഷയിൽ പരിശോധിച്ച് റിപ്പോർട്ട് അംഗീകരിച്ച് അന്തിമം ആക്കിയിട്ടില്ല എന്നാണ് ഉത്തരം നൽകിയിട്ടുള്ളത്. പരിശോധന ആരംഭിച്ചു ആറു മാസം കൊണ്ട് പൂർത്തിയായെങ്കിലും രണ്ടര വർഷകാലമായിട്ടും റിപ്പോർട്ട് പരിശോധിക്കുകയാണ് എന്നാണ് മറുപടി.
സിഎജി റിപ്പോർട്ടിൽ അടക്കം അഴിമതി വെളിച്ചത്തായ സാഹചര്യത്തിൽ കെ.കെ. ശൈലജയെ അടക്കം രക്ഷിക്കാനാണു റിപ്പോർട്ട് മന്ത്രി ബാലഗോപാൽ റിപ്പോർട്ട് പൂഴ്ത്തിയത് എന്ന് വ്യക്തം.

മഹാരാഷ്ട്ര ആസ്ഥാനമായ സാൻ ഫർമ്മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തിൽ നിന്നും മാർക്കറ്റ് നിരക്കിനെക്കാൾ മൂന്നിരട്ടി തുകയ്ക്ക് പി പി ഇ കിറ്റ് വാങ്ങിയതിലും, കഴക്കൂട്ടത്തെ പച്ചക്കറി വിപണനത്തിനായി ആരംഭിച്ച കമ്പനിയിൽ നിന്നും ഗ്ലൗസ് വാങ്ങിയതിലും, തെർമോമീറ്റർ, വെന്റിലേറ്റർ, മാസ്ക് അടക്കം വാങ്ങിയതിൽ കോടികളുടെ അഴിമതിയാണ് നടന്നത്. ഇത് ശരിവയ്ക്കുകയാണ് ധനകാര്യ പരിശോധന വിഭാഗവും.
സിഎജി റിപ്പോർട്ടിലും ക്രമക്കേട് സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര നാൾ ഈ റിപ്പോർട്ട് പൂഴ്ത്തും എന്ന ചോദ്യമാണ് ഉയരുന്നത്. ഭരണത്തിൻ്റെ കാലാവധി തീരാൻ ഏതാണ്ട് ഒരു വർഷം മാത്രം ആണ് ഉള്ളത്. സർക്കാർ മാറിയാൽ ശക്തമായ നടപടി ഉണ്ടാകും എന്ന് ഉറപ്പാണ്. അഴിമതി നടത്തിയെന്ന് വ്യക്തമായ സ്ഥിതിക്ക് സർക്കാർ മാറിയാൽ കെ.കെ. ശൈലജയും സംഘവും അഴിയെണ്ണേണ്ടിവരുമെന്നതാണ് അവസ്ഥ.