
- രഞ്ജിത്ത്. ടി.ബി
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025, ദുബായിൽ വച്ച് നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യ നേടിയത് 6 വിക്കറ്റിന്റെ ആധികാരിക വിജയം. ഈ വിജയത്തിന് വേണ്ടി ഇന്ത്യൻ ക്യാമ്പിൽ രോഹിത് ശർമ – ഗംഭീർ സഖ്യം നടപ്പിലാക്കിയ പ്ലാനുകളും പാക്കിസ്ഥാൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായ ദൗർബല്യങ്ങളും ഒന്നു പരിശോധിക്കാം.
ഗ്രൗണ്ട് ഫാക്ടർ: ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രതികൂല രാഷ്ട്രീയ സാഹചര്യം കാരണമാണ് നിഷ്പക്ഷ വേദിയായ ദുബായിൽ വച്ച് ഹൈബ്രിഡ് മോഡലിൽ ഇന്ത്യൻ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. ബിസിസിഐ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ തമ്മിൽ നടത്തിയ ദീർഘനാളത്തെ ചർച്ചയ്ക്കൊടുവിൽ ആണ് ഈയൊരു തീരുമാനം അംഗീകരിച്ചത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഏകദേശം ഒരു പോലെ ഫേവറിറ്റ് തന്നെയാണ് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം.
ഇന്റർനാഷണൽ മത്സരങ്ങൾക്ക് പുറമേ ഇന്ത്യക്കുവേണ്ടി ഐ.പി.എല്ലിനും വേദിയായിട്ടുണ്ട് ഈ സ്റ്റേഡിയം, അതേനിലയിൽ പാക്കിസ്ഥാന് ടെസ്റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിരുന്നു ഇവിടം. പൊതുവേ ബാറ്റർ മാർക്ക് അധികം അനുകൂലമല്ലാത്ത വേഗം കുറഞ്ഞ ഇവിടുത്തെ വിക്കറ്റിൽ ഫാസ്റ്റ് സ്പിൻ ബോളിങ്ങുകൾ ഒരുപോലെ പരീക്ഷിക്കുന്ന ഇന്ത്യയ്ക്കും പാകിസ്ഥാനും തുല്യ സാധ്യതയായിരുന്നു.
യുഎഇയിലെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജനസംഖ്യ നിരക്ക് വച്ച് നോക്കുമ്പോൾ കാണികളുടെ സപ്പോർട്ടും ഏകദേശം തുല്യനിലയിൽ ആയിരുന്നു.
ടോസ്: ഈ വേദിയിൽ മുൻപ് നടന്ന ഏകദിന മത്സരങ്ങളുടെ ഫലം നോക്കുമ്പോൾ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയത് രണ്ടാമത് ബാറ്റ് ചെയ്ത ടീമിന്റേതായിരുന്നെങ്കിലും ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ഇന്ത്യക്കെതിരെ ഈ തീരുമാനം മികച്ചതായിരുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു കാരണം രണ്ടാം ഇന്നിംഗ്സിൽ കോലി ഉൾപ്പെടുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയുടെ റെക്കോർഡ് വളരെ മികച്ചതാണ് പ്രത്യേകിച്ച് ഈ വേദിയിൽ.
പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ആത്മവിശ്വാസക്കുറവോ ?
ക്യാപ്റ്റൻ മുഹമ്മദ് റിസ്വന്റെ തീരുമാനം ശരി വയ്ക്കുന്ന തരത്തിൽ ആയിരുന്നു ഓപ്പണർമാരായ ബാബർ അസംമും, ഇമാം ഉൽ ഹക്കും തുടങ്ങിയത് എങ്കിലും 9.4ആം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട് ബാബർ അസം പുറത്തേക്ക്. തികച്ചും ആത്മവിശ്വാസം കുറഞ്ഞ രീതിയിലായിരുന്നു പാക്കിസ്ഥാൻ ബാറ്റിംഗ് നിര എന്നത് തെളിയിക്കുന്ന കാരണങ്ങളിൽ ഒന്നായിരുന്നു ഇമാമുൽ ഹക്കിന്റെ തികച്ചും പ്രൊഫഷണൽ അല്ലാതിരുന്ന റൺഔട്ട്.
നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും രണ്ടു വിക്കറ്റിന് 47 റൺസ് എന്ന നിലയിൽ നിന്നും 33.2 ഓവറിൽ 151 റൺസ് വരെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും കുറഞ്ഞ റൺ നിരക്ക് വിനയായി മാറുകയും ചെയ്തു.9.4 ഓവറുകളിൽ 50 റൺസ് തികച്ച പാകിസ്ഥാൻ ടീം 100 റൺസിലേക്ക് എത്താൻ 25.3 ഓവർ വരെ കാത്തിരിക്കേണ്ടിവന്നു. ഇത് അവരുടെ ബാറ്റിംഗിലെ പോസിറ്റീവ് അപ്പ്രോച്ച് നഷ്ടപ്പെട്ടതു കാരണമോ കുറഞ്ഞ ആത്മവിശ്വാസമോ കൊണ്ടാകാം. വേഗത കുറഞ്ഞ ഔട്ട് ഫീൽഡിൽ ബൗണ്ടറികൾ കണ്ടെത്താൻ കഴിയാത്തതും ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ തള്ളിയിട്ടതും മികച്ച ഒരു ടോട്ടൽ കെട്ടിപ്പടുക്കുന്നതിൽ നിന്നും പാക്കിസ്ഥാനെ തടയിട്ടു.
30 ഓവറുകൾക്കു ശേഷം തികഞ്ഞ ആത്മവിശ്വാസത്തോടുകൂടി ആക്രമണോത്സമായ ബോളിംഗ് അഴിച്ച് വിട്ട ഇന്ത്യൻ ടീമിന് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടിയപ്പോൾ അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിദ് റാണ എന്നിവർക്കു ഓരോ വിക്കറ്റും ലഭിച്ചു.ഇതിന്റെ ഫലമായി പാക്കിസ്ഥാൻ ഇന്നിങ്സ് 241 റൺസുകൾക്ക് അവസാനിച്ചു.
ഇന്ത്യൻ ബാറ്റിംഗ്
തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റിംഗ് ആരംഭിച്ച രോഹിത് ശർമ ഇരുപതു റൺസുകൾക്ക് പുറത്തായി എങ്കിലും തുടർന്ന് വന്ന കോലിയും ഗില്ലും ചേർന്ന് പാക്കിസ്ഥാൻ ബോളർമാർക്ക്മേൽ ആധിപത്യം നേടിയെടുക്കുകയായിരുന്നു. ടീം സ്കോർ 100 റൺസ് വരെ തുടർന്ന ഈ കൂട്ടുകെട്ട് 17.3ാംഓവറിൽ പിരിയുമ്പോൾ 52 ബോളിൽ നിന്നും 7 ബൗണ്ടറിയുടെ സഹായത്തോടെ ശുഭമാൻ ഗിൽ 46 റൺസുകൾ നേടിയിരുന്നു.
ബാറ്റ് നിരയിലെ നാലാം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ശ്രേയസ് അയ്യർ, വിരാട് കോലിയുമായി നേടിയെടുത്ത കൂട്ടുകെട്ട് ഇന്ത്യയുടെ വിജയലക്ഷ്യം വെറും 28 റൺസുകൾ ആയി ചുരുക്കിയിട്ടാണ് പിരിഞ്ഞത്, 67 പന്തുകളിൽ 52 റൺസ് നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സിൽ 5 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടുന്നു. 111 പന്തുകളിൽ 100 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലി 43 ഓവറിൽ ഇന്ത്യയുടെ വിജയ റൺ ബൗണ്ടറിയിലൂടെ നേടുമ്പോൾ അത് തന്റെ കരിയറിലെ 51ആം സെഞ്ച്വറി കൂടെയായിരുന്നു.
എതിർ ടീം പാക്കിസ്ഥാനും, റൺ ചെയ്സിംഗും ആകുമ്പോൾ വിരാട് കോലിയുടെ പോരാട്ട വീര്യം ഇരട്ടിയാകും എന്ന് തെളിയിക്കുന്നതായിരുന്നു അവസരോചിതമായ ഈ ഇന്നിംഗ്സ്.
പാക്കിസ്ഥാൻ ബൗളിംഗ് നിരയിൽ നിന്നും അധികം മികച്ച പ്രകടനങ്ങൾ നടത്താനുള്ള അവസരം ഇന്ത്യൻ ബാറ്റർമാർ നൽകിയില്ല എന്ന് തന്നെ നിസംശയം പറയാം.
പ്ലെയർ ഓഫ് ദി മാച്ച് ആയി ഈ മത്സരത്തിൽ വിരാട് കോലിയെ തിരഞ്ഞെടുക്കുമ്പോൾ എന്തുകൊണ്ട് തന്നെ കിംഗ് കോഹ്ലി എന്ന് വിശേഷിപ്പിക്കുന്നു എന്നതിനുള്ള മറുപടി ഒരു തവണ കൂടി നൽകിയിരിക്കുന്നു.