
- രഞ്ജിത്ത്. ടി.ബി
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ 6 വിക്കറ്റിന് പാക്കിസ്ഥാനെ തോൽപ്പിച്ച് ഗ്രൂപ്പ് എ യിൽ നിന്നും ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ പാക്കിസ്ഥാൻ ഉയർത്തിയ 241 റൺസ് എന്ന വിജയലക്ഷ്യം, റൺ മെഷീൻ വിരാട് കോലി നേടിയ സെഞ്ചുറിയുടെയും നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യരുടെ അർദ്ധ സെഞ്ച്വറിയുടെയും മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടുകയായിരുന്നു.
പ്ലേയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോലി 111 പന്തുകളിൽ നിന്നും പുറത്താകാതെ നൂറ് റൺസും രണ്ട് ക്യാച്ചും നേടി
സ്കോർ : പാക്കിസ്ഥാൻ – 241/10 ( 49.4 ഓവർ)
ഇന്ത്യ – 244/4 (42.3 ഓവർ)
മത്സരത്തിന്റെ ടോസ്സ് ചെയ്തപ്പോൾ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ ഒരു പുതു ചരിത്രം കുറിച്ചു. 2023 ഏകദിന ഫൈനൽ മുതൽ തുടർച്ചയായി 12 ടോസ്സുകൾ ഇന്ത്യയ്ക്ക് നഷ്ടമായി മുൻപ് 11 തവണ തുടർച്ചയായി ടോസ് നഷ്ടപ്പെട്ട നെതർലാൻഡിന്റെ റെക്കോർഡ് ആണ് പഴങ്കഥയായത്.
ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 241 റൺസുകൾ നേടിയ പാക്കിസ്ഥാൻ 49.4 ഓവറുകളിൽ എല്ലാ വിക്കറ്റുo നഷ്ടപ്പെടുത്തി. പാകിസ്ഥാൻ ബാറ്റിംഗ് നിരയിൽ സൗദ് ഷക്കീൽ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ മുഹമ്മദ് റിസ്വാൻ 46 ഉം ഖുഷ്ദിൽ ഷാ 38 റൺസും നേടി. ഇന്ത്യൻ ബോളിംഗ് നിരയിൽ മൂന്ന് വിക്കറ്റുകളോടെ കുൽദീപ് യാദവ് ലീഡ് ചെയ്തപ്പോൾ ഹാർദിക് പാണ്ഡ്യ രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിദ് റാണ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും നേടാനായി.
ആദ്യ ബാറ്റിംഗ് പവർ പ്ലേയിൽ മെല്ലെ തുടങ്ങിയ ബാബർ അസം- ഇമാം ഉൽ ഹഖ് ഓപ്പണിങ് ജോഡി 8.2 ഓവർ വരെ ബാറ്റ് ചെയ്തു 41 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഹാർദിക് പാണ്ട്യയുടെ മനോഹരമായ ഒരു പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ എടുത്ത ക്യാച്ച് ആണ് ബാബര്‍ അസമിനെ പുറത്താക്കിയത്, 26 പന്തുകളിൽ നിന്നും 23 റൺസുകൾ അദ്ദേഹം നേടി. തൊട്ടടുത്ത ഓവറിൽ അനാവശ്യ റൺസിന് ശ്രമിച്ച ഇമാം ഉൽ ഹക്ക് അക്സർ പട്ടേലിന്റെ നേരിട്ടുള്ള ത്രോയിലൂടെ പുറത്തായപ്പോൾ പാക്കിസ്ഥാൻ ബാറ്റിംഗ് നിര സമ്മർദ്ദത്തിലായി.
ആദ്യ 50 റൺസുകൾ 9.4 ഓവറിൽ നേടിയ പാക്കിസ്ഥാൻ 25.3 ഓവറിലാണ് 100 തികച്ചത്. സ്ലോ പിച്ചിൽ പന്ത് ബാറ്റിലേക്കെത്താൻ വൈകുന്നതും വേഗത കുറഞ്ഞ ഔട്ട് ഫീൽഡും റൺ നിരക്ക് കുറച്ചു.
33 ഓവറിലെ അവസാന പന്തിൽ മുഹമ്മദ് റിസ്വാനെ പുറത്താക്കാനുള്ള അവസരം ബൗണ്ടറി ലൈനിൽ ഹർഷത് റാണ പാഴാക്കിയെങ്കിലും തൊട്ടടുത്ത ഓവറിൽ അക്ഷർ പട്ടേൽ എറിഞ്ഞ രണ്ടാം പന്ത് റിസ്വാനെ ബൗൾഡാക്കി , റിസ്വാൻ -സൗദ് ഷക്കീലുമായുള്ള പാർട്ണർഷിപ്പിൽ 104 റൺസുകൾ പാക്കിസ്ഥാന് വേണ്ടി സംഭാവന ചെയ്തു.
62 റൺസുകൾ നേടിയ സൗദ് ഷക്കീലിനെ ഹാർദിക് പാണ്ഡ്യ – അക്ഷർ പട്ടേലിന്റെ കൈകളിലേക്ക് എത്തിച്ചപ്പോൾ തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ബൗൾഡാക്കി.43 ആം ഓവറിലെ നാലും അഞ്ചും പന്തുകളിൽ തുടരെ ടിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് പാക്കിസ്ഥാനെ അവസാന ഓവറുകളിൽ ഉയർന്ന സ്കോറിൽ എത്തുന്നതിന് തടയിട്ടു. നസീം ഷായെ പുറത്താക്കിയാണ് കുൽദീപ് മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചത്
242 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഇന്നിഗ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമ, ഷഹീൻ ഷാ അഫ്രീദിയുടെ ഒരു മികച്ചയോർക്കറിനെ പ്രതിരോധിച്ചുകൊണ്ടാണ് തുടങ്ങിയത്.
സ്കോർബോർഡ് 31ൽ നിൽക്കെ 15 പന്തുകളില്‍ 20 റൺസ് നേടിയ രോഹിത് ശർമ ഷഹീൻ അഫ്രീദിയുടെ ഒരു ഇൻസ്വിങ് യോർക്കറിൽ ക്ലീൻ ബൗൾഡായി. കുഷ്ദിൽ എറിഞ്ഞ പതിനേഴാമത്തെ ഓവറിൽ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 എന്ന സ്കോറിൽ തുടങ്ങിയ വിരാട് കോലി- ശ്രേയ അയ്യർ സഖ്യം 39 ഓവറിൽ പിരിയുമ്പോൾ ഇന്ത്യൻ വിജയം 28 റൺസുകൾക്ക് മാത്രം അകലെയായിരുന്നു.
ഇന്ത്യയുടെ വിജയ റൺ ബൗണ്ടറിയിലൂടെ 43 ആം ഓവറിൽ നേടുമ്പോൾ തന്റെ ഏകദിന കരയറിലെ 51 മത്തെ സെഞ്ചുറി നേട്ടം കൂടിയായിരുന്നു വിരാട് കോലിയ്ക്കു.
ബാറ്റിംഗിലും ബോളിങ്ങിലും പാക്കിസ്ഥാൻ നിരയിൽ നിന്നും അധികം വെല്ലുവിളികൾ ഒന്നും ഉയർത്താനായില്ല എന്നുള്ളത് ഇന്ത്യൻ ടീമിന്റെ പ്രകടന മികവ് എത്രത്തോളമായിരുന്നു എന്നതിന് തെളിവാണ്.