
പെൻഷൻ പരിഷ്കരണ കുടിശിക 27 മുതൽ വിതരണം ചെയ്യും
പെൻഷൻ പരിഷ്കരണ കുടിശിക 27 മുതൽ വിതരണം ചെയ്യും. ഫെബ്രുവരി 25 ന് 1920 കോടി കേരളം കടം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 27 ന് പണം വിതരണം ചെയ്യാൻ സാധിക്കും എന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ.
600 കോടിയാണ് പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു വിതരണം ചെയ്യാൻ വേണ്ടത്. പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 12 ന് ധനവകുപ്പ് ഉത്തരവും ഇറക്കി. എന്നാൽ പണം വിതരണം ചെയ്യാൻ സാധിച്ചില്ല. ഇതോടെ ആശങ്കയിലായിരുന്നു പെൻഷൻകാർ.
പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കൾ ആയി വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപിച്ചെങ്കിലും കുടിശിക ഗഡുക്കൾ ഉത്തരവിൽ പറഞ്ഞിരുന്നത് പോലെ വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വൈകിയാണെങ്കിലും പെൻഷൻ പരിഷ്കരണ കുടിശിക ലഭിക്കുന്നതിൻ്റെ ആശ്വാസത്തിലാണ് പെൻഷൻകാർ.
പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ പെൻഷൻകാർക്ക് ലഭിക്കാനുണ്ട്. അതിനെ കുറിച്ച് ബാലഗോപാൽ ബജറ്റിൽ മിണ്ടിയില്ല. ഇതോടെ ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ 2025 – 26 സാമ്പത്തിക വർഷം ലഭിക്കില്ലെന്ന് വ്യക്തം. അടുത്ത സർക്കാരിൻ്റെ തലയിൽ വച്ച് കൈ കഴുകാനാണ് ബാലഗോപാലിൻ്റെ പദ്ധതി.
1.7 . 24 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ട പന്ത്രണ്ടാം പെൻഷൻ പരിഷ്കരണത്തിന് കമ്മീഷനെ പോലും സർക്കാർ നിയമിച്ചിട്ടില്ല. അഞ്ച് വർഷം കൂടുമ്പോഴുള്ള പെൻഷൻ പരിഷ്കരണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും പെൻഷൻകാരെ അലട്ടുന്നു. 2021 നു ശേഷം ഒന്നര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ഇവരുടെ ആശ്രിതർക്ക് അർഹതപ്പെട്ട പെൻഷൻ പരിഷ്കരണ കുടിശിക ലഭിക്കും. കൃത്യമായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ആകും ഇവർക്ക് കുടിശിക ലഭിക്കുക.
19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ പെൻഷൻകാർക്ക് കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക. അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.
2021 ൽ ലഭിക്കേണ്ട 5 ശതമാനം ക്ഷാമ ആശ്വാസം 2024 ൽ ആണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ക്ഷാമ ആശ്വാസത്തിൻ്റെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.