
ശമ്പള പരിഷ്‌കരണ കുടിശിക: പി.എഫ് പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടം 355 കോടി
ശമ്പള പരിഷ്‌കരണ കുടിശിക പി.എഫിൽ ലയിപ്പിക്കാത്തത് മൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ നഷ്ടപ്പെട്ടത് 355 കോടി. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി പി.എഫിൽ ലയിപ്പിക്കും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ ധനമന്ത്രിയായിരുന്ന ഐസക്ക് വ്യക്തമാക്കിയത്.
തുടർഭരണം കിട്ടിയതോടെ ഐസക്കിന്റെ വാഗ്ദാനവും ഉത്തരവും ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ വിഴുങ്ങി. 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിൽ 4 തുല്യ ഗഡുക്കളായി പി.എഫിൽ ശമ്പള പരിഷ്‌കരണ കുടിശിക ലയിപ്പിക്കും എന്നായിരുന്നു ഉത്തരവ്. 4000 കോടിയാണ് ശമ്പള പരിഷ്‌കരണ കുടിശിക . ഒരു ഗഡു കൊടുക്കാൻ 1000 കോടി വേണം.
പി.എഫിൽ കൃത്യമായി ലയിപ്പിച്ചിരുന്നുവെങ്കിൽ പി.എഫ് പലിശ കൃത്യമായി ലഭിക്കുമായിരുന്നു. 7.1 ശതമാനം ആണ് പി.എഫ് പലിശ നിരക്ക്. 2023 ഏപ്രിലിൽ ഒരു ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ പലിശ മാത്രം 142 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. 2023 ഒക്ടോബറിൽ രണ്ടാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ ഒന്നര വർഷത്തെ പലിശയായി 106.5 കോടി ലഭിക്കുമായിരുന്നു. 2024 ഏപ്രിലിൽ മൂന്നാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ ഒരു വർഷത്തെ പലിശയായി 71 കോടി ലഭിക്കുമായിരുന്നു.
2024 ഒക്ടോബറിൽ നാലാം ഗഡുവായ 1000 കോടി പി.എഫിൽ ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ 6 മാസത്തെ പലിശയായി 35.5 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. നാല് ഗഡുക്കൾ കൃത്യമായി പി.എഫിൽ ലയിപ്പിക്കാത്തത് മൂലം പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 355 കോടിയെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
ഫെബ്രുവരി 7 ലെ ബജറ്റ് പ്രസംഗത്തിൽ ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യ രണ്ട് ഗഡുക്കൾ 2025- 26 സാമ്പത്തിക വർഷം പി.എഫിൽ ലയിപ്പിക്കും എന്ന് ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് മാസം ലയിപ്പിക്കുമെന്ന് പ്രഖ്യാപനത്തിൽ ഇല്ല. മാസം നീളുന്നതിനനുസരിച്ച് ജീവനക്കാർക്ക് പലിശ ഇനത്തിൽ ലഭിക്കേണ്ട നഷ്ടം വീണ്ടും വർദ്ധിക്കും.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇത് സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് ഇറക്കേണ്ടതാണ്. ഉത്തരവ് ഇറക്കിയാൽ മാത്രമേ ഏത് മാസമാണ് ലയിപ്പിക്കുന്നതെന്ന് വ്യക്തമാക്കുകയുള്ളു. ഉത്തരവ് ഇറങ്ങേണ്ട ഫയൽ പോലും ധനവകുപ്പിൽ നിന്ന് അനങ്ങിയിട്ടില്ല. ബാക്കി 2 ഗഡു ഈ സാമ്പത്തിക വർഷം പി.എഫിൽ ലയിപ്പിക്കില്ല എന്ന് പകൽ പോലെ വ്യക്തം.
ഫലത്തിൽ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളും നൽകേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ വച്ച് ബാലഗോപാൽ ധനകസേരയിൽ നിന്ന് ഒഴിയും എന്ന് വ്യക്തം. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം 2024 ജൂലൈ 1 പ്രാബല്യത്തിൽ ലഭിക്കേണ്ടതാണ്. 8 മാസം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ പോലും വയ്ക്കാൻ സർക്കാർ തയ്യാറായിട്ടില്ല.