
യാത്ര ബത്ത വിവാദത്തിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തെഴുതി കെ.വി തോമസ്
യാത്ര ബത്ത വിവാദത്തിന് പിന്നാലെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കെ.വി. തോമസ്. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരെ മാന്യമായി തിരിച്ചുകൊണ്ടുവരുന്ന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കൊണ്ടാണ് കെ.വി തോമസ് സജീവം ആകുന്നത്.
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മനുഷ്യത്വരഹിതമായാണ് തിരിച്ചയക്കുന്നത്. സിഖുകാരെ അവരുടെ തലപ്പാവും മറ്റ് ആചാര ഉപകരണങ്ങളും അഴിച്ചുവയ്പിച്ച് അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.വി. തോമസ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
തിരികെയെത്തുന്നവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും കെ.വി. തോമസ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കെ.വി തോമസിൻ്റെ യാത്ര ബത്ത ഉയർത്താനുള്ള തീരുമാനം വിവാദം ആയിരുന്നു. ഒരു വർഷം 6.31 ലക്ഷം കെ.വി. തോമസിൻ്റെ യാത്ര ബത്തക്ക് ചെലവാകുമെന്ന് പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് ബജറ്റ് വിഹിതം 11.31 ലക്ഷമാക്കി ഉയർത്തണമെന്നാണ് ആവശ്യം. 2023 ജനുവരിയിലാണ് കെ. വി തോമസിനെ ഡൽഹിയിൽ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ നിയമിക്കുന്നത്. 55 ലക്ഷം രൂപയാണ് കെ.വി തോമസിനായി സർക്കാർ ഇതുവരെ ചെലവഴിച്ചത്.