
പി.എസ്.സിക്ക് ബജറ്റിൽ 237.23 കോടി; ശമ്പളം മാത്രം 166.44 കോടി
ചെയർമാനും അംഗങ്ങൾക്കും ശമ്പളം ഉയർത്തിയതോടെ ശമ്പള ചെലവ് വീണ്ടും വർദ്ധിക്കും
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് (PSC) ബജറ്റിൽ 237.23 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പളവും ക്ഷാമബത്ത അടക്കമുള്ള അലവൻസുകളും നൽകാൻ 166.44 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പി.എസ്.സി ചെയർമാൻ, അംഗങ്ങൾ, ജീവനക്കാർ എന്നിവർക്ക് 2025- 26 ൽ ശമ്പളം കൊടുക്കുന്നതിനാണ് 166.44 കോടി. ഇന്നലെ മന്ത്രിസഭ യോഗത്തിൽ ചെയർമാന്റേയും അംഗങ്ങളുടേയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ചതു കൊണ്ട് പി.എസ്.സിയുടെ ബജറ്റ് വിഹിതം ഉയർത്തേണ്ടി വരും.
ഇതിന് ധനമന്ത്രി അധിക ഫണ്ട് അനുവദിക്കും. 38 കോടിയോളം രൂപ ചെയർമാനും അംഗങ്ങൾക്കും ശമ്പള കുടിശിക കൊടുക്കാൻ വേണം. അംഗങ്ങൾക്ക് ലക്ഷങ്ങൾ ശമ്പളം നൽകുമ്പോഴും ഒട്ടുമുക്കാൽ റാങ്ക് ലിസ്റ്റുകളിലും നിയമനമില്ല. സിവിൽ പോലിസ് ഓഫിസർ, കോളേജ് അധ്യാപകർ, സിവിൽ എക്‌സൈസ് ഓഫിസർ, കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നാമ മാത്രമാണ്.
സ്റ്റാഫ് നേഴ്‌സ് അടക്കം റാങ്ക് ലിസ്റ്റുകൾ മൂന്നിലൊന്ന് നിയമനം പോലും നടക്കാതെ റദ്ദായി.2019 ൽ 35422 പേർക്ക് പി.എസ്. സി വഴി നിയമനം കിട്ടിയെങ്കിൽ 2023 ൽ ഇത് 25144 ആയി കുറഞ്ഞു. 10278 നിയമനങ്ങൾ ആണ് 2019 നെ അപേക്ഷിച്ച് കുറഞ്ഞത്. രാജ്യത്ത് പി.എസ്.സി അംഗങ്ങളുടെ എണ്ണത്തിൽ നമ്പർ വൺ ആണ് കേരളം.
21 പേരാണ് കേരളത്തിൽ ഉള്ളത്. യു.പി. എസ്.സി യിൽ പോലും 9 അംഗങ്ങൾ മാത്രമാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ പി.എസ് സി അംഗങ്ങളുടെ എണ്ണം വെട്ടികുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിന് പകരം ശമ്പളം കൂട്ടി കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
പി.എസ്.സി അംഗങ്ങളുടെ ജോലി
- തിങ്കൾ: കമ്മിഷൻ സിറ്റിംഗ്
- ചൊവ്വ: വിവിധ കമ്മിറ്റികളിൽ പങ്കെടുക്കണം
- ബുധൻ-വെള്ളി: ഇന്റർവ്യു
- ശനി: ഫയൽ നോക്കൽ