റെക്കോര്‍ഡിട്ട് സ്വര്‍ണവില; 4 ദിവസത്തിനിടെ 1400 രൂപയുടെ വര്‍ധന

കൊച്ചി: വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്. ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്ന് 64,480 എന്ന റെക്കോര്‍ഡ് മറികടന്നതോടെ, ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഗ്രാമിന് ഒരു രൂപ വർധിച്ച് 108 രൂപയായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പകരത്തിനു പകരം തീരുവ (Reciprocal Tariff) ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പുതുതായി മരുന്നുകൾ, വാഹനം, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും 25% തീരുവ ഏർപ്പെടുത്തി വ്യാപാരയുദ്ധത്തിന് തീവ്രത കൂട്ടിയത് പുതിയ ഉയരത്തിലക്ക് കുതിക്കാൻ സ്വർണത്തിന് ആവേശമായി. ട്രംപിന്റെ ഈ തീരുമാനങ്ങൾ ആഗോള സമ്പദ്‍വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതും വ്യാപാരബന്ധം ഉലയുന്നതും ഇതുമൂലം ഓഹരി വിപണികൾ നേരിടുന്ന വിൽപനസമ്മർദവുമാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

പണിക്കൂലി ഉൾപ്പെടെ വില 70,000

3% ജിഎസ്ടിയും 53.1 രൂപ ഹോൾമാർക്ക് ഫീസും പണിക്കൂലിയും (മിനിമം 5%) കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ നൽകേണ്ടത് 69,876 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,735 രൂപയും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം കൂടുതൽ തിരിച്ചടി. അതേസമയം, സ്വർണം പണയം വയ്ക്കുന്നവർക്കും പഴയ സ്വർണം വിറ്റഴിച്ച് പണം നേടാൻ ശ്രമിക്കുന്നവർക്കും നേട്ടവുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x