News

മന്ത്രി ഭാര്യയുടെ പ്രമേയം അനുവദിച്ചില്ല; കേരള സർവകലാശാല കൗൺസിൽ യോഗത്തിൽ ബഹളം

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശാ പ്രഭാകരൻ അവതരിപ്പിച്ച പ്രമേയത്തിന് കേരള സർവകലാശാല വൈസ് ചാൻസിലർ അവതരണാനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് കേരള സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗത്തിൽ ചേരിതിരിഞ്ഞ് ബഹളംവച്ച് അംഗങ്ങൾ.

യുജിസി ഈ വർഷം പുറത്തിറക്കിയ കരടു മാർഗരേഖയിലെ വകുപ്പ് 11 ഭരണഘടനാ വിരുദ്ധമാണെന്നും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് അക്കാദമിക് കൗൺസിൽ അംഗമായ ആശാ പ്രഭാകരൻ നൽകിയിരുന്നത്. എന്നാൽ ഈ പ്രമേയം സർവകലാശാല ചട്ടങ്ങളുടെ ലംഘനമായതുകൊണ്ട് അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു വിസി ഡോ. മോഹനൻ കുന്നുമ്മേൽ.

തുടർന്ന് സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുള്ള വാഗ്വാദം മൂലം അക്കാദമിക് കൗൺസിൽ യോഗം ഏറെ നേരം തടസപ്പെടുകയായിരുന്നു. യുജിസി ചട്ടങ്ങൾ ലംഘിച്ചാൽ സർവകലാശാലയുടെ ബിരുദകോഴ്‌സുകൾ അനുവദിക്കുന്നത് തടയുമെന്നും, യുജിസി സ്‌കീമുകൾ അനുവദിക്കില്ലെന്നുമുള്ള വ്യവസ്ഥകളാണ് പുതിയ മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രമേയം അംഗീകരിക്കുന്നതിന് പകരം യുജിസിയുടെ പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിലുള്ള കൗൺസിലിന്റെ ആശങ്ക രേഖപ്പെടുത്താമെന്ന വിസിയുടെ നിർദ്ദേശം അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. സർവകലാശാലയുടെ അധികാരപരിധിയിൽ പെടാത്ത വിഷയങ്ങളിലുള്ള പ്രമേയങ്ങൾക്ക് അവതരണാനുമതി പാടില്ലെന്ന യൂണിവേഴ്‌സിറ്റി ചട്ടം ചൂണ്ടിക്കാട്ടിയാണ് പ്രമേയം വിലക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *