News

ഗാന്ധിജിയെ കുറിച്ചും തരൂർ മണ്ടത്തരം എഴുതി; ചരിത്രവും ശശിക്ക് അറിയില്ലേ? സുധാ മേനോൻ്റെ കുറിപ്പ്

തരൂരാണ് രണ്ട് ദിവസമായി കേരളത്തിലെ സംസാര വിഷയം. വ്യവസായിക വളർച്ചയിൽ കേരളം അതിശയിപ്പിക്കുന്നു എന്ന തരൂരിൻ്റെ ലേഖനമാണ് വിവാദമായത്. വസ്തുകൾ പരിശോധിക്കാതെ വിഡ്ഡിത്തം വെളമ്പുകയായിരുന്നു തരൂർ. തരൂരിൻ്റെ ലേഖനത്തിൻ്റെ എതിരെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം രംഗത്ത് വന്നപ്പോൾ സി പി എം തരൂർ സ്തുതികളുമായി കളം നിറഞ്ഞു.

ബജറ്റ് രേഖകളോ , വസ്തുതകളോ പരിശോധിക്കാതെ പരമാവധി വിഡ്ഡിത്തം നിറഞ്ഞ ലേഖനമായിരുന്നു തരൂരിൻ്റേത്. കാര്യങ്ങൾ പഠിക്കാതെ ലേഖനം എഴുതുന്നത് പതിവാക്കിയിരിക്കുകയാണ് ശശി.

ശശിയുടെ ഗാന്ധിജിയെ കുറിച്ച് എഴുതിയ ലേഖനവും വിഡ്ഡിത്തങ്ങൾ നിറഞ്ഞതായിരുന്നു. എഴുത്തുകാരി സുധാമേനോൻ ഇതിനെ കുറിച്ച് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:

“ഇന്ത്യാചരിത്രത്തെക്കുറിച്ചും, ചരിത്രപുരുഷന്മാരെക്കുറിച്ചും ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഒരാളാണ് ശശി തരൂര്‍. പക്ഷെ, പലപ്പോഴും അദ്ദേഹം എഴുതുന്ന ലേഖനങ്ങള്‍ ചരിത്രത്തോട് നീതി പുലര്‍ത്താറില്ല എന്നതാണ് വസ്തുത.

ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് അദ്ദേഹം മാതൃഭുമിയില്‍ മഹാത്മാഗാന്ധി ആധ്യക്ഷം വഹിച്ച ബലെഗാവി കോണ്‍ഗ്രസ് സമ്മേളനത്തെക്കുറിച്ച് ‘ആഴത്തില്‍ പതിഞ്ഞ ഹ്രസ്വാധ്യക്ഷം’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി. ആ ലേഖനത്തില്‍ അദ്ദേഹം നടത്തിയത് വസ്തുതാവിരുദ്ധമായ ഒരു പരാമര്‍ശമാണ്. ഗാന്ധിജി വെറും അഞ്ചു മാസക്കാലം മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും, 1924 ഡിസംബര്‍ 26 ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഗാന്ധിജി, 1925 ഏപ്രിലില്‍ ആ സ്ഥാനം സരോജിനി നായിഡുവിന് കൈമാറി എന്നും, അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അദ്ദേഹം താല്പര്യം കാണിച്ചില്ല എന്നും ഒക്കെയാണ് തരൂര്‍ എഴുതിയത്.

എന്നാല്‍, ഇത് പൂര്‍ണ്ണമായും തെറ്റാണ്. ഗാന്ധിജി ഒരു വര്‍ഷക്കാലം മുഴുവന്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 1925 ഡിസംബറില്‍, കാന്‍പൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് അദ്ദേഹം അധ്യക്ഷസ്ഥാനത്ത് നിന്ന് മാറി സരോജിനി നായിഡു പുതിയ അധ്യക്ഷ ആയത്. കോണ്‍ഗ്രസ് ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണിത്. അക്കൊല്ലം ബ്രിട്ടിഷ് എഴുത്തുകാരനായ ആല്‍ഡസ് ഹക്സിലിയും അതിഥിയായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മിനുട്ട്സ് മുതല്‍ രാമചന്ദ്രഗുഹയുടെ ‘Gandhi: The Years that Changed the World’ വരെയുള്ള ആധികാരിക രേഖകളിലും പുസ്തകങ്ങളിലും വളരെ വ്യക്തമായി ഇത് അടയാളപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, 1925 ഡിസംബര്‍ ഇരുപതാം തിയതി സരോജിനി നായിഡുവിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഗാന്ധിജി കത്തും എഴുതുന്നുണ്ട്. ഡിസംബര്‍ 24ന് എഐസിസി സമ്മേളനത്തില്‍ ഗാന്ധിജി സരോജിനി നായിഡുവിന് അധ്യക്ഷസ്ഥാനം കൈമാറുന്ന വേളയില്‍ നടത്തിയ പ്രസംഗം പിറ്റേദിവസത്തെ പത്രങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടും ഉണ്ട്.

ഇത്ര കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു വിഷയത്തില്‍ യാതൊരു ഗൃഹപാഠവും കൂടാതെയാണ്, ചരിത്രകാരന്‍ കൂടിയായ തരൂര്‍ മാതൃഭുമിയില്‍ ആ ലേഖനം എഴുതിയത്. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചുവെങ്കില്‍ അത് ഇന്ത്യാ ചരിത്രത്തിലെ വലിയൊരു വിവാദമാകുമായിരുന്നില്ലേ എന്ന്പോലും തരൂര്‍ പരിശോധിച്ചില്ല എന്നോര്‍ക്കണം. ഏപ്രിലില്‍ ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ച വിഡ്ഢിത്തം ഞാന്‍ കണ്ടത് വിക്കിപീഡിയയിലും ചില സിവില്‍ സര്‍വീസ് പരീക്ഷാ വെബ്‌സൈറ്റുകളിലും മാത്രമാണ്.

അദ്ദേഹം ഈ ലേഖനം ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍, അതിനു താഴെ ഞാന്‍ ഈ ചോദ്യം ഉന്നയിച്ചിരുന്നു. പക്ഷെ മറുപടി കിട്ടിയില്ല. അന്ന് പോസ്റ്റിടാതിരുന്നത്, ഗാന്ധിജിയുടെ അധ്യക്ഷസ്ഥാനത്തെക്കുറിച്ചും കോണ്‍ഗ്രസ് ചരിത്രത്തെക്കുറിച്ചും പ്രാഥമികവിവരം പോലും തെറ്റിച്ച് എഴുതിയ അദ്ദേഹം പാര്‍ട്ടിയുടെ പരമോന്നതഘടകമായ പ്രവര്‍ത്തകസമിതി അംഗമായതുകൊണ്ട് മാത്രമാണ്. എതിര്‍രാഷ്ട്രീയപ്പാര്‍ട്ടികള്‍ അദ്ദേഹത്തെ അപമാനിക്കാന്‍ അതുപയോഗിക്കരുത് എന്ന് കരുതി. പക്ഷെ, പലപ്പോഴും പ്രവര്‍ത്തകസമിതി അംഗമാണ് എന്ന വസ്തുത മറന്നുകൊണ്ട് കേരളത്തെക്കുറിച്ചായാലും ഇന്ത്യയെക്കുറിച്ചായാലും ചരിത്രബോധമില്ലാത്ത പരാമര്‍ശങ്ങള്‍ അദ്ദേഹം വീണ്ടും വീണ്ടും നടത്തുമ്പോള്‍ ഇത് പറയാതെ വയ്യ. തരൂര്‍ പറയുന്നതും, എഴുതുന്നതും മാത്രമല്ല ശരി.

പൊതുവെ ‘കണ്‍ഫമിസ്റ്റ്’ നിലപാട് മാത്രം എടുക്കുന്ന മികച്ച പ്രാസംഗികനായ, നല്ല എഴുത്തുകാരനായ ലക്ഷണമൊത്ത ‘നിയോ-ലിബറല്‍’ പ്രൊഫഷനല്‍ ആണ് തരൂര്‍. ആദരണീയനായ സഖാവ് പന്ന്യന്‍ രവീന്ദ്രനെ അദ്ദേഹം പരിഹസിച്ചത് ഇന്ന് തരൂരിനെ വാഴ്ത്തുന്നവര്‍ മറന്നുപോകരുത്. കോണ്‍ഗ്രസ് രാഷ്ട്രീയം അദ്ദേഹത്തിനു പ്രൊഫഷന്‍ മാത്രമാണ്. അല്ലാതെ മറ്റ് മുഖ്യധാരാ നേതാക്കളെപ്പോലെയുള്ള ‘ജൈവികബന്ധം’ അദ്ദേഹത്തിനില്ല. അതുകൊണ്ടാണ് എന്റെ പല സുഹൃത്തുക്കളും എന്നെ എതിര്‍ത്തപ്പോഴും തരൂര്‍ ഒരിക്കലും കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പറ്റിയ ആളല്ല എന്ന നിലപാട് എടുത്തത്. നരേന്ദ്രമോദിക്ക് അനുകൂലമായി വാദിക്കുന്ന ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതിലെ വൈരുധ്യം ഓര്‍ത്തുനോക്കൂ!

തരൂര്‍ ഇത്തവണ ജയിച്ചത് അദ്ദേഹത്തെ പൊതുവേ ആഘോഷിക്കാറുള്ള അരാഷ്ട്രീയ നഗര-മധ്യവര്‍ഗ്ഗ വോട്ടര്‍മാരുടെ പിന്തുണയില്‍ അല്ലായിരുന്നു. കടുത്ത ത്രികോണമത്സരത്തിൽ,കാലങ്ങളായി കോണ്‍ഗ്രസിന് വോട്ട് ചെയുന്ന സാധാരണക്കാരായ തീരദേശവോട്ടര്‍മാരുടെ വോട്ട് നേടിയാണ് ജയിച്ചത് എന്ന് അദ്ദേഹം മറന്നുപോകുന്നതില്‍ വേദനയുണ്ട്. എത്ര അറിവുള്ള ലിബറല്‍ വിശ്വപൌരനായാലും, എഴുതുമ്പോഴും പറയുമ്പോഴും തീച്ചാമുണ്ഡിയെപ്പോലെ രാഷ്ട്രീയപ്രവർത്തനത്തിന്റെ പൊള്ളുന്ന മേലേരിയിലേക്ക് എടുത്തുചാടി നേതാക്കള്‍ക്ക് വേണ്ടി ബൂത്തില്‍ പ്രവര്‍ത്തിച്ച് അവരെ ജയിപ്പിക്കുന്ന സാധുക്കളായ പ്രവര്‍ത്തകരുടെ വികാരത്തെ പാടെ മറന്നു പോകരുത് എന്ന് അദ്ദേഹത്തെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നുവെന്ന് ” സുധാമേനോൻ ഫേസ് ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *