
വിദ്യാർത്ഥി സ്കൂളില്‍ ആത്മഹത്യ ചെയ്ത സംഭവം: ക്ലർക്കിന് സസ്പെൻഷൻ
തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലർക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം മേഖലാ അസിസ്റ്റൻറ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പാളും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിനുള്ളിൽ തൂങ്ങി മരിച്ചു. പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം സ്കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അർദ്ധ രാത്രി മുതല്‍ കാണാതായ കുട്ടിയ പിറ്റേ ദിവസം രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്കൂളിലെ ക്ലാർക്കിൻ്റെ മാനസിക പീഡനമാണ് വിദ്യാർത്ഥി ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. കുട്ടിയുടെ സഹപാഠികളും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് ബുക്കിൽ സീൽ ചെയ്യാൻ ക്ലർക്ക് വിസമ്മതിച്ചത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. ക്ലാർക്ക് വിദ്യാർത്ഥിയെ ചീത്ത പറയുകയും ശകാരിക്കുകയും ചെയ്തിരുന്നു.