
ന്യൂനപക്ഷ സ്‌കോളർഷിപ്പ് 50 % വെട്ടിക്കുറച്ചത് റദ്ദാക്കി ഉത്തരവിറങ്ങി
ന്യൂനപക്ഷ സ്‌കോളർഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. ഒമ്പതോളം ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ 50 ശതമാനം വെട്ടി കുറച്ച് ജനുവരി 15 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. സ്‌കോളർഷിപ്പ് 50 ശതമാനം വെട്ടിക്കുറച്ച വിവരം മലയാളം മീഡിയ ലൈവാണ് പുറത്ത് വിട്ടത്.
സ്‌കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയത്. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഒന്നടക്കം ശക്തമായി പ്രതിഷേധം ഉയർത്തി. നിയമസഭയിൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നു. ഒപ്പം മുസ്ലീം ക്രിസ്ത്യൻ സംഘടനകൾ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തിറങ്ങി.
ഇതോടെയാണ് സ്‌കോളർഷിപ്പ് വെട്ടി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചത്. ഇന്ന് പൊതുഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.

പ്രൊഫ ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി , ഐ ഐ എം സ്കോളർഷിപ്പ്, സി.എ, ഐ സി ഡബ്ല്യു എ സ്കോളർഷിപ്പ്, യുജിസി , സി എസ് ആർ, നെറ്റ് കോച്ചിംഗ്, ഐറ്റി സി ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, മദർ തെരേസ സ്കോളർഷിപ്പ്, എ.പി. ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് എന്നീ 9 സ്കോളർഷിപ്പുകളാണ് പകുതിയായി വെട്ടികുറച്ചിരുന്നത്. .