
തകഴിക്കും രക്ഷയില്ല! തകഴി മ്യൂസിയം പാതിവഴിയിൽ; ജി. സുധാകരൻ ആവശ്യപ്പെട്ടിട്ടും പണം അനുവദിക്കാതെ കെ.എൻ. ബാലഗോപാൽ
തകഴി മ്യൂസിയം പാതി വഴിയിൽ. ധനമന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കാതെ വന്നതോടെയാണ് തകഴി മ്യൂസിയ നിർമ്മാണം പ്രതിസന്ധിയിൽ ആയത്. ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിലാണ് തകഴി മ്യൂസിയം നിർമ്മാണത്തിന് 5 കോടി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചത്.
6000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന് 6.25 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
1.70 കോടിയാണ് സർക്കാർ ഇതുവരെ അനുവദിച്ചത്. അതിൽ 70 ലക്ഷം രൂപ തിരിച്ചെടുക്കുകയും ചെയ്തതോടെ നിർമ്മാണം പ്രതിസന്ധിലായി. തകഴി മ്യൂസിയം ചെയർമാൻ മുൻ മന്ത്രി ജി. സുധാകരൻ ആണ്. പണം ആവശ്യപ്പെട്ട് ജി. സുധാകരൻ നാലു തവണ ബാലഗോപാലിന് കത്തെഴുതിയെങ്കിലും ഒന്നും നടന്നില്ല.
ഇത്തവണത്തെ ബജറ്റിൽ തകഴി മ്യൂസിയത്തിന് പണവും വച്ചിട്ടില്ല. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ ബജറ്റിൽ പ്രഖ്യാപിച്ച പണം കിട്ടിയാൽ ഒരു വർഷത്തിനുള്ളിൽ മ്യൂസിയം തുറക്കാൻ സാധിക്കും എന്നാണ് ജി. സുധാകരൻ പറയുന്നത്. ഇത്തവണത്തെ ബജറ്റിൽ എ.കെ. ജി മ്യൂസിയത്തിന് വീണ്ടും പണം അനുവദിച്ചിട്ടുണ്ട്. തകഴി ശങ്കരമംഗലം വീടിനോട് ചേർന്നുള്ള 25 സെൻ്റ് സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്. തകഴിയുടെ കഥാപാത്രങ്ങൾ, കൃതികളിലെ മുഹൂർത്തങ്ങൾ, മിനി ഓഡിറ്റോറിയം, കഫറ്റീരിയ, ലൈബ്രറി എന്നിവ മ്യൂസിയത്തിൽ ഒരുക്കും.