ബാറിൽ ഒത്തുകൂടി കൈക്കൂലി പണം പങ്കിടൽ; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Six Kerala government staff suspended

തൃശൂർ: ഡ്യൂട്ടി സമയത്ത് ബാർ ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്‌ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 6 പേർക്ക് സസ്‌പെൻഷൻ. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ആറു പേരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷൻ ഡി.ഐ.ജി എം.സി സാബു, സബ് രജിസ്ട്രാർമാരായ സി.ആർ. രജീഷ്, രാജേഷ് കെ.ജി, അക്ബർ പി.എം, രാജേഷ് കെ, ജയപ്രകാശ് എം.ആർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

ബാറിൽ ഒത്തുകൂടി കൈക്കൂലിപ്പണം പങ്കുവെക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് പരിശോധന നടത്തുകയായിരുന്നു. ഇവരിൽ നിന്ന് 33050 രൂപ കണ്ടെത്തി. സാബു ഒഴികെയുള്ളവർ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ പ്രതിമാസ യോഗത്തിനുശേഷം തൃശൂർ അശോക ഹോട്ടലിലേക്ക് വന്ന ഡിഐജി അടക്കമുള്ളവർ എത്തുകയായിരുന്നു.

ഉദ്യോഗസ്ഥർ അശോക ബാർ ഹോട്ടലിൽ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലൻസ് ഇവിടെയെത്തിയത്. വിജിലൻസ് പരിശോധനയിൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടാത്ത 33050രൂപ അനധികൃതമായി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചിരുന്നോയെന്നറിയാൻ ഇവരെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.

ജില്ലാ രജിസ്ട്രാർ ഓഫീസിൽ വച്ച് നടത്തുന്ന ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാർ മാരുടെയും കോൺഫറൻസിൽ രജിസ്ട്രേഷൻ ഡി.ഐ.ജി സാബു.എം.സി സബ് രജിസ്ട്രാർ മാരിൽ നിന്നും 5,000 രൂപ വീതം മാസപ്പടി പിരിവ് നടത്തുന്നതായി “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്” ന്റെ ഭാഗമായി വിജിലൻസ് ഡയറക്ടർക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോൺഫറനസ് നടക്കുന്ന ദിവസം ഒരു മിന്നൽ പരിശോധനക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു.

തുടർന്ന് 10/02/2025ന് തൃശ്ശൂർ ജില്ലാ രജിസ്ട്രേഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന കോൺഫറനസും രജിസ്ട്രേഷൻ ഡി.ഐ.ജി സാബു എം.സിയെയും നിരീക്ഷിച്ചുകൊണ്ട് നടത്തിയ മിന്നൽ പരിശോധനയിൽ മീറ്റിങിന് ശേഷം രജിസ്ട്രേഷൻ ഡി.ഐ.ജി സാബു.എം.സി യും മറ്റ് 5 സബ് രജിസ്ട്രാർമാരും കൂടി ഒരുമിച്ച് ശക്തൻ നഗറിലുള്ള ഒരു ബാർ ഹോട്ടലിനുള്ളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഉദ്യോഗസ്ഥർ തിരികെ ഇറങ്ങുന്നത് നിരീക്ഷിച്ച് കാത്തിരുന്ന വിജിലൻസ് സംഘം, ഒരുമിച്ച് തിരിച്ചിറങ്ങിയ ഉദ്യോഗസ്ഥരെ പരിശോധിച്ചതിൽ രജിസ്ട്രേഷൻ ഡി.ഐ.ജി. സാബു.എം.സി യുടെ കൈവശത്ത് നിന്നും 15,950/- രൂപയും, കാട്ടൂർ സബ് രജിസ്ട്രാറുടെ കൈയ്യിൽ നിന്നും 5,160/- രൂപയും, മുണ്ടൂർ സബ് രജിസ്ട്രാറുടെ കൈയ്യിൽ നിന്നും 3,700/- രൂപയും, ചേലക്കര സബ് രജിസ്ട്രാറുടെ കൈയ്യിൽ നിന്നും 2,070/- രൂപയും, എരുമപ്പെട്ടി സബ് രജിസ്ട്രാറുടെ കൈയ്യിൽ നിന്നും 2,540/- രൂപയും, ചേർപ്പ് സബ് രജിസ്ട്രാറുടെ കൈയ്യിൽ നിന്നും 3,630/- രൂപയും ഉൾപ്പടെ കണക്കിൽ പെടാത്ത 33,050/- രൂപ പിടിച്ചെടുത്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കാണപ്പെട്ട ഉദ്യോഗസ്ഥരെ മെഡിക്കൽ പരിശോധന നടത്തിയിട്ടുള്ളതുമാണ് – വിജിലൻസ് വിഭാഗം അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments