സംസ്ഥാനത്ത് ഇന്നും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് മേപ്പാടിക്കടുത്ത് അട്ടമലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറാട്ടുകുണ്ട് കോളനിയിൽ ബാലൻ എന്ന 27 വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. അട്ടമല ഗ്ലാസ് ബ്രിഡ്ജിനടുത്താണ് സംഭവം.
ഇന്നലെ രാത്രി കടയിൽ സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് കരുതുന്നത്. ഇന്ന് രാവിലെയാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ജോലിക്ക് എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
വയനാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാട് നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45), ഇടുക്കി പെരുവന്താനം ചെന്നാപ്പാറക്ക് സമീപം കൊമ്പം പാറയിൽ നെല്ലിവിളപുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45), തിരുവനന്തപുരം പാലോട് ഇടുക്കുംമുഖം വനത്തിൽ മടത്തറ- ശാസ്താംനട സ്വദേശി ബാബു എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്.
രാത്രി ഏഴ് മണിയോടെ കടയിൽ പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെ കാട്ടാന കൊലപ്പെടുത്തിയത്. കേരള-തമിഴ്നാട് അതിർത്തിയായ നൂൽപ്പുഴയിൽ കാപ്പാട് വന ഗ്രാമത്തിലാണ് ദാരുണസംഭവം. ഉന്നതിക്ക് സമീപമുള്ള വയൽപ്രദേശത്തെ കുളത്തിൽ കാട്ടാന വെള്ളം കുടിക്കുകയായിരുന്നു. അടുത്തെത്തിയ മാനുവിനെ പെട്ടെന്ന് കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്ത് എറിയുകയായിരുന്നു.