സിഎസ്ആർ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ റജിസ്റ്റർ ചെയ്ത 34 കേസുകൾ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവൻ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്തും. സാധനങ്ങൾ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ഏകദേശം 37 കോടി രൂപയുടെ തട്ടിപ്പാണ് 34 കേസുകളിൽ ഉള്ളത്. പ്രധാനപ്രതി അനന്തുകൃഷ്ണനിൽനിന്നു സംഭാവനയായി പണം സ്വീകരിച്ചവരുടെയും മൊഴി എടുക്കും.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ചൊവ്വാഴ്ച രാവിലെ വരെ 385 എഫ്ഐആറുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും കേസുകളിലെ എണ്ണം വർധിക്കുകയാണ്. ഇതോടെ വ്യാപകമായ അന്വേഷണമാകും ക്രൈംബ്രാഞ്ച് സംഘത്തിനു നടത്തേണ്ടിവരിക. അനന്തുകൃഷ്ണനും ആനന്ദകുമാറുമാണു മുഖ്യ പ്രതികൾ. ഓരോ ജില്ലയിലും പദ്ധതിക്കു കളമൊരുക്കിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പ്രതികളാകും. ഇന്നലെ ക്രൈംബ്രാഞ്ചിനു കൈമാറിയ കേസുകളിൽ ഏഴെണ്ണത്തിൽ ആനന്ദകുമാറും പ്രതിയാണ്.
പരാതിക്കാർക്കു മുഴുവൻ പണം തിരിച്ചു നൽകണമെങ്കിൽ 300 കോടി രൂപയെങ്കിലും പ്രതികൾ കണ്ടെത്തേണ്ടി വരുമെന്നാണു പൊലീസ് പറയുന്നത്. 2 കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് ഇലക്ട്രിക് സ്കൂട്ടർ വിതരണക്കമ്പനിയും അറിയിച്ചിട്ടുണ്ട്. അതേസമയം നേതാക്കളടക്കമുള്ള ഉന്നതർ പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും സ്വന്തം ഐക്ലൗഡിൽ സൂക്ഷിച്ചതിന്റെ പാസ്വേഡ് അനന്തു കൃഷ്ണൻ പൊലീസിനു നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കപ്പെടുന്നതോടെ ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരും.